വ്യാജ സിഗരറ്റുകളുടെ വില്‍പ്പന വ്യാപകം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പരിശോന കുറഞ്ഞതോടെയാണ് ‘ഗള്‍ഫ് സിഗരറ്റ്’ എന്നറിയപ്പെടുന്ന വ്യാജ സിഗരറ്റ് ലോബി വീണ്ടും വ്യാപകമായത്. തിരൂരില്‍ നിന്നാണ് കൊച്ചിയിലേക്ക് നികുതി അടയ്ക്കാത്ത ഇത്തരം സിഗരറ്റുകള്‍ വ്യാപകമായെത്തുന്നത്. സര്‍ക്കാരിന് നികുതി ഇനത്തിലും വന്‍ നഷ്ടം. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന നിലവാരം കൂടിയ സിഗരറ്റ് എന്ന പേരിലാണ് ഇവയുടെ വില്‍പ്പന. ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടുലുള്ള പെരുമ്പാവൂരിലാണ് ഗള്‍ഫ് സിഗരറ്റിന്റെ പ്രധാന വിപണന കേന്ദ്രം.
തിരൂരില്‍ നിന്ന് പെരുമ്പാവൂരിലെത്തുന്ന വ്യാജ സിഗരറ്റ് അവിടെ സംഭരിച്ച് മധ്യ കേരളത്തിലേക്ക് എത്തിക്കുകയാണ് ഇടനിലക്കാരായ ലോബി ചെയ്യുന്നത്. വിദേശ സിഗരറ്റ് എന്ന് പറഞ്ഞ് വില്‍പ്പനയ്ക്കെത്തിക്കുന്ന ഇവയുടെ പായ്ക്കറ്റില്‍ പുകവലി മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളുടെ മുന്നറിയിപ്പോ സിഗരറ്റിന്റെ വിലയോ രേഖപ്പെടുത്തിയിട്ടില്ലെന്നതും തട്ടിപ്പിന്റെ വ്യാപനം കൂട്ടുന്നു. ഇരട്ടിയിലധികം വരുന്ന ലാഭമാണ് വ്യാജ സിഗരറ്റ് വില്‍പ്പനയിലേക്ക് ആളെ കൂട്ടുന്നത്.
ഇന്ത്യയില്‍ ഇത്തരം സിഗരറ്റുകളുടെ വില്‍പ്പന ശിക്ഷാര്‍ഹമാണ്. കൂടാതെ 28 ശതമാനം ജിഎസ്ടി, 5 ശതമാനം സെസ്, 64 ശതമാനം എക്സൈസ് തീരുവ എന്നിങ്ങനെയാണ് ഇന്ത്യയില്‍ സിഗരറ്റിന്റെ നികുതി. എന്നാല്‍ ഇതൊന്നും ബാധകമാകാതെയാണ് വ്യാജ സിഗരറ്റ് വല്‍പ്പന പൊടിപൊടിക്കുന്നത്. അതേസമയം രാജ്യത്ത് വില്‍ക്കുന്ന നാലില്‍ ഒരുഭാഗം സിഗരറ്റും നികുതി അടയ്ക്കുന്നില്ലെന്നാണ് ടുബാക്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്.
കൊച്ചിയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ആറു ലക്ഷം രൂപയുടെ സിഗരറ്റ് എക്സൈസ് പിടിച്ചെടുത്തിരുന്നു. ശ്രീലങ്കയില്‍ നിന്നാണ് ഇവ സംസ്ഥാനത്തെത്തിച്ചത്. വ്യാജ സിഗരറ്റിന്റെ കടത്തിലും ഇത്തരം ബന്ധങ്ങള്‍ ഉണ്ടോ എന്നും സംശയിക്കുന്നു. അതേസമയം വ്യാജ സിഗരറ്റുകളുടെ വില്‍പ്പന അനുവദിക്കില്ലെന്നും ഇത്തരം സിഗരറ്റുകളുടെ വില്‍പ്പന നടക്കുന്നുണ്ടോയെന്ന് വ്യാപക പരിശോധന നടത്താനും എല്ലാ ഓഫീസുകളിലേക്കും എക്സൈസ് നിര്‍ദേശം നല്കി.


