കൊല്ലത്തെ വിസ്മയ കേസ് വളരെ ഗൗരവതരമെന്ന് ദക്ഷിണ മേഖല ഐജി ഹര്‍ഷിത അട്ടല്ലൂരി. കിരണ്‍ കുമാറിനെതിരെ ചുമത്തിയിരിക്കുന്നത് ഏഴു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കിരണിന്റെ വീട്ടുകാരുടെ പങ്കിനെക്കുറിച്ചും അന്വഷണം നടത്തുമെന്ന് വിസ്മയയുടെ വീട് സന്ദര്‍ശിച്ച ശേഷം ഐജി പറഞ്ഞു. വിസ്മയയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോയെന്നതില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് നിര്‍ണായകമാണ്.
വിസ്മയയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇത് വിശദമായി പരിശോധിക്കും. പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ മൊഴി രേഖപ്പെടുത്തും. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാന്‍ സാധിക്കില്ല. വിസ്മയയുടെ സുഹൃത്തുക്കള്‍, ബന്ധുക്കള്‍, അയല്‍വാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കേണ്ടതുണ്ടെന്നും ഐ.ജി വ്യക്തമാക്കി.
വിസ്മയയുടെ വീട്ടിലെത്തി കിരണ്‍ അതിക്രമം നടത്തിയ സംഭവത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ല. വീട്ടുകാരുടെ മൊഴിയെടുത്ത ശേഷം കേസെടുക്കുമെന്നും ഐ.ജി കൂട്ടിച്ചേര്‍ത്തു.
വിസ്മയ കേസില്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ദക്ഷിണ മേഖല ഐജി ഹര്‍ഷിത അട്ടല്ലൂരി നിലമേലിലെ വീട്ടിലെത്തിയാണ് വിസ്മയയുടെ മാതാപിതാക്കളെ കണ്ടത്. നിലവില്‍ പൊലീസ് സ്വീകരിച്ച നടപടികള്‍ കുടുംബാംഗങ്ങളെ ബോധ്യപ്പെടുത്തി. കിരണ്‍ കുമാറിന്റെ മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കുന്നതിന്റെ സാധ്യതയും പരിശോധിക്കും. ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് കിരണിനെതിരെ ചുമത്തിയതെന്ന് ഐജി പറഞ്ഞു. അന്വഷണ ഉദ്യോഗസ്ഥനായ ശാസ്താംകോട്ട ഡിവൈഎസ്പി രാജ്കുമാര് പുരുഷോത്തമനും ഐജിയോടൊപ്പം ഉണ്ടായിരുന്നു.
അതേസമയം കഴിഞ്ഞ ജനുവരി രണ്ടിന് ചടയമംഗലം ചടയമംഗലം പൊലീസ് സ്റ്റേഷനില്‍ ഒത്തുതീര്‍പ്പാക്കിയ കിരണ്‍ കുമാറിനെതിരെയുള്ള കേസ് പുനരന്വേഷിക്കണമെന്ന് വിസ്മയയുടെ അച്ഛന് ത്രിവിക്രമന്‍ നായര്‍ ആവശ്യപ്പെട്ടു. നിലമേലിലെ വീട്ടിലെത്തി വിസ്മയെയും സഹോദരന് വിജിത്തിനെയും കിരണ്‍കുമാര്‍ മര്‍ദിച്ച കേസാണ്. അന്ന് കിരണിനെ പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥനെയും ആക്രമിച്ചിരുന്നു. തുടര്‍ന്ന് മോട്ടര്‍ വാഹന ഉദ്യോഗസ്ഥരുടെ സമ്മര്‍ദത്തിലായിരുന്നു സ്റ്റേഷനില്‍ കേസെടുക്കാതെ ഒത്തുതീര്‍പ്പെന്നും വിസ്മയയുടെ അച്ഛന് പറഞ്ഞു. കേസെടുക്കുന്ന കാര്യത്തിലും പൊലീസ് അനുകൂല നിലപാട് എടുത്തെന്ന് അച്ഛന് പറഞ്ഞു
ശാസ്താംകോട്ട കോടതി റിമാന്‍ഡ് ചെയ്ത കിരണ്‍ കുമാറിനെ കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസ് തീരുമാനം. പോസ്റ്റമോര്‍ട്ടം റിപ്പോട്ട് പ്രകാരം കിരണ്‍ കുമാറിനെതിരെ കൂടുതല്‍ വകുപ്പുകളും ചുമത്തും.


