കിഴക്കമ്പലത്ത് ക്രിസ്മസ് രാത്രിയില്‍ അതിഥി തൊഴിലാളികള്‍ പോലീസിനെ ആക്രമിച്ച് പോലീസ് വാഹനം തകര്‍ത്ത കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 175 പേര്‍ക്കെതിരെ 524 പേജുള്ള കുറ്റപത്രം കോലഞ്ചേരി ജുഡീഷ്വല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിലാണ് സമര്‍പ്പിച്ചിട്ടുള്ളത്. പ്രതികളെല്ലാവരും തന്നെ ജാര്‍ഘണ്ട്, നാഗാലാന്റ്, ആസ്സാം, ഉത്തര്‍പ്രദേശ് എന്നിവടങ്ങളില്‍ നിന്നുള്ള അതിഥി തൊഴിലാളികളാണ്.
നിയമ വിരുദ്ധമായി സംഘം ചേര്‍ന്ന് കലാപം നടത്തല്‍, മാരകായുധങ്ങള്‍ കൈവശം വയ്ക്കല്‍, പൊതുമുതല്‍ തരിപ്പിക്കല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍, എന്നീ വിവിധ വകുപ്പകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തില്‍ പെരുമ്പാവൂര്‍ എ.എസ്.പി അനുജ് പലിവാല്‍, ഇന്‍സ്പെക്ടര്‍ കെ.ജെ.പീറ്റര്‍ എന്നിവരടക്കം 19 പേരാണ് ഉണ്ടായിരുന്നത്. നിരവധി പേര് ഉള്‍പ്പെട്ടിട്ടുള്ള കേസില്‍ രണ്ട് മാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തിനായി.


