മുഖ്യമന്ത്രിയുടെ മകള്‍ക്ക് സ്പ്രിങ്കളര്‍ കമ്പനിയുമായി അടുത്ത ബന്ധം : എല്‍ദോസ് കുന്നപ്പിള്ളി
പെരുമ്പാവൂര്‍ : എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്ക് വധഭീഷണി. മുഖ്യമന്ത്രിയുടെ മകള്‍ വീണക്ക് സ്പ്രിങ്കളര്‍ കമ്പനിയുമായി അടുത്ത ബന്ധമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് എംഎല്‍എക്ക് വധഭിക്ഷണി എത്തിയത്. ആരോപണം ഉന്നയിച്ചതിന് പിന്നാലെ തനിക്ക് ഭീഷണി സന്ദേശം ലഭിച്ചതായി ചൂണ്ടിക്കാട്ടി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ഡി.ജി.പിക്ക് പരാതി നല്കി. 7669879271 എന്ന നമ്പറില്‍ നിന്നാണ് തന്റെ ഫോണിലേക്ക് വധിക്കുമെന്ന് ഭീഷണിപ്പെടുത്തി ഒരാള്‍ വിളിച്ചതെന്ന് എം.എല്‍.എ പറഞ്ഞു. പരാതി രജിസ്റ്റര്‍ ചെയ്തു പോലീസ് അന്വേഷണം ആരംഭിച്ചു.
മുഖ്യമന്ത്രിയുടെ മകള്‍ വീണക്ക് സ്പ്രിങ്കളര്‍ കമ്പനിയുമായി അടുത്ത ബന്ധമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ആരോപിച്ചിരുന്നു. ആറ് തവണയാണ് സ്പ്രിങ്കളര്‍ സി.ഇ.ഒ രാജി തോമസുമായി വീണ കൂടിക്കാഴ്ച്ച നടത്തിയത്. ഇത് എന്തിനായിരുന്നു എന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. ഇത് അന്വേഷിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ അതിന്റെ മറവില്‍ രോഗികളുടെ ഡേറ്റ വിദേശ കമ്പനിക്ക് കൈമാറുന്നത്തിന്റെ ആവശ്യം എന്താണെന്ന് എം.എല്‍.എ ചോദിച്ചു. ഭാവിയില്‍ ഈ രാജ്യത്തെക്കുള്ള വിസ നിഷേധിക്കുന്നതിനുള്ള കാരണം ആകും. കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് ഇവിടെ നടന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മകളുടെ ഐ.ടി കമ്പനിയുടെ ആസ്തി 100 കോടിക്ക് മുകളില്‍ ആണ്. മുഖ്യമന്ത്രിയുടെ ഭാര്യയാണ് ഈ കമ്പനിയുടെ ഒരേയൊരു നോമിനി. അതിന്റെ അര്‍ത്ഥം മുഖ്യമന്ത്രിയാണ് ഈ കമ്പനിയുടെ ഉടമസ്ഥന് എന്നാണ്. ചികിത്സയ്ക്കായി അമേരിക്കയില്‍ പോയപ്പോള്‍ സ്പ്രിങ്കളര്‍ സി.ഇ.ഒ രാജി തോമസിനെ മുഖ്യമന്ത്രി കണ്ടതായി സംശയിക്കുന്നതായും എം.എല്‍.എ പറഞ്ഞു.


