കൊച്ചി കൂട്ടബലാത്സംഗ കേസിലെ അന്വേഷണ പുരോഗതി പങ്കുവച്ച് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ സി എച്ച് നാഗരാജു. മിഥുന് എന്ന പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് കമ്മീഷണര്‍ വ്യക്തമാക്കി. പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതിയില്‍ നല്‍കും. ആറു ദിവസത്തേക്കാണ് കസ്റ്റഡിയില്‍ ചോദിക്കുക.
ആയുധ നിരോധന നിയമപ്രകാരം 2017 ല്‍ മിഥുനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സ്ത്രീകളെ ഉപയോഗിച്ച് ബാറുകളിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കമ്മീഷ്ണര്‍ പറഞ്ഞു. ഇത് സംബന്ധിച്ചു കൂടുതല്‍ പരിശോധന എക്സൈസുമായി ചേര്ന്ന്പോലീസ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊച്ചി കൂട്ട ബലാത്സംഗ കേസില്‍ നാല് പ്രതികളെ ഇന്നലെ റിമാന്‍ഡ് ചെയ്തിരുന്നു. ഡിസംബര്‍ മൂന്ന് വരെയാണ് റിമാന്‍ഡ് ചെയ്തത്. നാല് പേര്‍ക്ക് പുറമെ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് പൊലീസ്. 19കാരിയെ മയക്കി കടത്തിക്കൊണ്ട് പോകാന്‍ ശ്രമം നടന്നുവെന്ന് സംശയിക്കുന്നതായി കൊച്ചി പൊലീസ് കമ്മീഷണര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. കൊച്ചി തേവരയിലെ ബാറില്‍ ലഹരി വില്പന നടന്നോ എന്നതിലും അന്വേഷണം നടക്കുകയാണ്. പ്രതികളെ ലഹരി പരിശോധനക്കും വിധേയരാക്കിയിട്ടുണ്ട്. അതേസമയം പരിശോധനക്കായി പൊലീസ് പരാതിക്കാരിയുടെ ഫോണ്‍ പിടിച്ചെടുത്തതിലും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
യുവതിയുടെ സുഹൃത്ത് ഡോളി, കൊടുങ്ങല്ലൂര്‍ സ്വദേശികളായ വിവേക്, നിതിന്‍, സുധി എന്നിവരെ എറണാകുളം എ സി ജെ എം കോടതിയാണ് അടുത്ത മാസം മൂന്ന് വരെ റിമാന്റ് ചെയ്തത്. ബലാത്സംഗം, ഗൂഢാലോചന, കടത്തിക്കൊണ്ടുപോകല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. സഞ്ചരിക്കുന്ന കാറില്‍ വച്ചാണ് മൂന്ന് യുവാക്കള്‍ യുവതിയെ ബലാത്സംഗം ചെയ്തതത്. മയക്ക് മരുന്ന് നല്‍കിയെന്ന യുവതിയുടെ പരാതിയടക്കമുള്ള കാര്യങ്ങളില്‍ വിശദമായ അന്വേഷണത്തിനായി പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. രണ്ട് ദിവസത്തെ കസ്റ്റഡിക്കുള്ള അപേക്ഷ തിങ്കളാഴ്ച്ച പൊലീസ് കോടതിയില്‍ നല്‍കും.


