കൊച്ചിയില്‍ മോഡലുകളുടെ മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് അഞ്ജന ഷാജന്റെ കുടുംബം. അപകടത്തില്‍ നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ടിന്റെയും വാഹനമോടിച്ച സൈജുവിന്റെയും പങ്ക് അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. അപകടം നടന്ന രാത്രി എന്താണ് സംഭവിച്ചതെന്ന് അറിയണമെന്ന് അഞ്ജനയുടെ സഹോദരന് അര്ജുന് പറഞ്ഞു.
വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അഞ്ജനയുടെ കുടുംബം കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്കി. സൈജു പിന്തുടര്ന്നതിലും വിശദമായ അന്വേഷണം വേണം. അഞ്ജനയുടെ കുടുംബത്തിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.
അഞ്ജന ഷാജന്റെയും അന്‍സി കബീറിന്റെയും അപകട മരണവുമായി ബന്ധപ്പട്ട് ഡിജെ പാര്‍ട്ടികളില്‍ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് എക്സൈസ്. ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഹോട്ടലുടമ റോയി വയലാറ്റിനെ ചോദ്യം ചെയ്യുമെന്നും ഹോട്ടലില്‍ ലഹരി ഉപയോഗം നടന്നോയെന്ന് എക്സൈസ് പരിശോധിക്കുമെന്നും ജില്ലാ എക്സൈസ് മേധാവി വ്യക്തമാക്കിയിട്ടുണ്ട്.
നവംബര്‍ ഒന്നിനാണ് എറണാകുളത്ത് നടന്ന വാഹനാപകടത്തില്‍ മിസ് കേരള 2019 അന്‍സി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും മരിച്ചത്. രാത്രി ഒരു മണിയോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ രാത്രി എറണാകുളം ബൈപ്പാസ് റോഡില്‍ ഹോളിഡേ ഇന്‍ ഹോട്ടലിനു മുന്നില്‍ വച്ച് അപകടത്തില്‍ പെടുകയായിരുന്നു.


