ഗാസിയാബാദില്‍ നടന്ന കൂട്ടബലാത്സംഗം പരാതിക്കാരിയായ യുവതിയുടെ കള്ളക്കഥയാണെന്ന് പൊലീസ്. സ്വത്ത് സംബന്ധിച്ച് തര്‍ക്കത്തെ തുടര്‍ന്ന് യുവാക്കളെ കള്ളക്കേസില്‍ കുടുക്കാനാണ് യുവതി വ്യാജ പരാതി നല്‍കിയതെന്ന് വ്യക്തമായെന്നും അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. അഞ്ച് പുരുഷന്മാര് തന്നെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നായിരുന്നു പരാതി.
എന്നാല്‍ യുവതി പറഞ്ഞ ദിവസം ആരും ഇവരെ തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും ഇവര്‍ സുഹൃത്തുക്കളോടൊപ്പം താമസിക്കുകയായിരുന്നെന്നും യുപി റീജിയണല്‍ പൊലീസ് മേധാവി പ്രവീണ്‍ കുമാര്‍ പറഞ്ഞു.
36 കാരിയെ ചണസഞ്ചിയില്‍ പൊതിഞ്ഞ നിലയില്‍, കൈകളും കാലുകളും കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയെന്ന് ദില്ലി വനിത കമ്മീഷന് മേധാവി സ്വാതി മലിവാളിന്റെ ട്വീറ്റിനെ തുടര്‍ന്നാണ് കേസെടുത്തത്. യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഇരുമ്പ് കമ്പി കയറ്റിയെന്നും സംശയമുണ്ടായിരുന്നു. ദില്ലിയിലെ ജിടിബി ഹോസ്പിറ്റലില്‍ നടന്ന പരിശോധനയില്‍ യുവതിയുടെ ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതോടെയാണ് പരാതിയില്‍ സംശയമുണരുന്നത്.
ഗാസിയാബാദിനെ ദില്ലിയുമായി ബന്ധിപ്പിക്കുന്ന ആശ്രാമം റോഡിന് സമീപം യുവതിയെ കണ്ടെത്തിയ സ്ഥലത്ത് അവളുടെ സുഹൃത്തുക്കളിലൊരാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതായി മൊബൈല്‍ സിഗ്നല്‍ ട്രാക്കിംഗ് കാണിച്ചതായി പൊലീസ് പറഞ്ഞു.
ഗാസിയാബാദില്‍ ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷം ദില്ലിയിലേക്ക് ബസ് കാത്തു നില്‍ക്കുമ്പോഴാണ് തട്ടിക്കൊണ്ടു പോയതെന്ന് അവര്‍ പറഞ്ഞിരുന്നു. സഹോദരന് ബസ് സ്റ്റാന്‍ഡില്‍ ഇറക്കിവിട്ടതിന് ശേഷം കാറിലെത്തിയ അഞ്ച് പേര് അവളെ വലിച്ചിഴച്ച് കാറില്‍ കൊണ്ടുപോയെന്നും ബലാത്സംഗം ചെയ്തെന്നുമാണ് യുവതി പറഞ്ഞിരുന്നത്. എന്നാല്‍ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
അഞ്ച് പേര്‍ക്കെതിരെ ബലാത്സംഗത്തിന് കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള ഗൂഢാലോചനയാണ് പരാതിയെന്ന് പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. യുവതിയുമായി ബന്ധമുള്ള മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബലാത്സംഗക്കേസിന് കൂടുതല്‍ പ്രചാരണം നല്‍കുന്നതിനായി ഇവരില്‍ ഒരാള്‍ പേടിഎം വഴി ഒരാള്‍ക്ക് പണം നല്‍കിയതിന് തെളിവുകളും ലഭിച്ചു. യുവതി സുഹൃത്തുക്കളോടൊപ്പം പോയ കാര്‍ പൊലീസ് കണ്ടെടുത്തു. ഗാസിയാബാദിലും മീററ്റിലും വൈദ്യ പരിശോധന നടത്താന്‍ യുവതി വിസ്സമ്മതിച്ചെന്നും പൊലീസ് പറഞ്ഞു.


