ബലാത്സംഗ കേസില്‍ പ്രതിയായതോടെ ഒളിവില്‍ പോയ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ മൂവാറ്റുപുഴ ആരക്കുഴയിലെ വീട്ടിലെത്തി. ഒരാഴ്ചയിലധികമായി ഒളിവിലായിരുന്ന എല്‍ദോസ്, തിരുവനന്തപുരം അഡി. സെഷന്‍സ് കോടതി ഇന്നലെ മുന്‍കൂര്‍ ജാമ്യം നല്കിയ സാഹചര്യത്തിലാണ് മണ്ഡലത്തില്‍ തിരിച്ചെത്തിയത്. കോടതി നിര്‍ദ്ദേശ പ്രകാരം നാളെ എല്‍ദോസിന് തിരുവനന്തപുരത്ത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരാകേണ്ടതുണ്ട്.
ഒരു തെറ്റും ചെയ്തില്ലെന്നും നിരപരാധിത്വം തെളിയിക്കുമെന്നും ആവര്‍ത്തിക്കുകയാണ് എല്‍ദോസ് കുന്നപ്പിള്ളില്‍. കെപിസിസി പ്രസിഡന്റിനെ വിളിച്ച് സംസാരിച്ചു. പാര്‍ട്ടിക്ക് വിശദീകരണം നല്കി. ഒളിവില്‍ പോയിട്ടില്ല, കോടതിക്ക് മുന്നില്‍ തന്റെ അപേക്ഷ ഉണ്ടായിരുന്നെന്ന് എല്‍ദോസ് പറഞ്ഞു. നാളെ കോടതിയില്‍ ഹാജരായി ജാമ്യനടപടി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍കൂര്‍ ജാമ്യം ലഭിച്ചെങ്കിലും കടുത്ത നിബന്ധനകളാണ് കോടതി എല്‍ദോസിന് മുന്നില്‍ വച്ചിട്ടുള്ളത്. 11 ഉപാധികളാണ് ജാമ്യം അനുവദിക്കുന്നതിനായി തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്. പരാതിക്കാരിയെ ഭീഷണിപ്പെടുത്താനോ സ്വാധീനിക്കാനോ പാടില്ല, കേരളം വിടരുത് തുടങ്ങി, പാസ്പോര്‍ട്ടും ഫോണും സറണ്ടര്‍ ചെയ്യണം എന്നു വരെയുള്ള നിബന്ധനകള്‍ ഇതിലുള്‍പ്പെടുന്നു.


