കളമശേരി മെഡിക്കല്‍ കോളജില്‍ രോഗി മരിച്ച സംഭവത്തില്‍ ആശുപത്രി വീഴ്ച വരുത്തിയെന്ന് വെളിപ്പെടുത്തിയ ഡോ. നജ്മ സലീം പൊലീസില്‍ പരാതി നല്കി. തന്നെ സമൂഹമാധ്യമങ്ങളിലൂടെ അവഹേളിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നജ്മയുടെ പരാതി. തനിക്ക് കെഎസ്യുവുമായി ബന്ധമുണ്ടെന്ന തരത്തില്‍ ചിലര്‍ പ്രചരണം നടത്തുന്നു. ദേശാഭിമാനിയുടെ പേര് പരാതിയില്‍ എടുത്തു പറയുന്നു.
സിഐടിയു കളമശ്ശേരി ഗവണ്മെന്റ് നഴ്സസ് യൂണിയന്റെ ഫേസ്ബുക്ക് കൂട്ടായ്മ, സുധീര്‍ കെ എസ് എന്ന വ്യക്തി തുടങ്ങിയവരെയൊക്കെ പരാതിയില്‍ പേരെടുത്ത് നജ്മ പരാമര്‍ശിക്കുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കളമശേരി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇത്തരം കാര്യങ്ങളില്‍ തിരുത്തുണ്ടാവണമെന്നാണ് താന്‍ പറയുന്നത്. സംഭവത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും നജ്മ പറയുന്നു.
”ഹാരിസ്, ബൈഹക്കി, ജമീല എന്നീ മൂന്നു രോഗികളെയും ഞാന്‍ കണ്ടിട്ടുണ്ട്. ഇവര്‍ മരിക്കുന്ന സമയത്ത് ഞാന്‍ അവിടെ ഉണ്ടായിരുന്നില്ല എന്നത് സത്യമാണ്. ഇവര്‍ ഉണ്ടായിരുന്നപ്പോള്‍ ഡ്യൂട്ടി ബുക്കിലും രേഖപ്പെടുത്തിയിട്ടുണ്ട്. സിസ്റ്റര്മാര് അനാസ്ഥ കാണിച്ചിട്ടുണ്ടെന്ന് നഴ്സിംഗ് സൂപ്രണ്ടിനോടാണ് ഞാന്‍ പരാതിപ്പെട്ടത്. പക്ഷേ, അത് എഴുതിക്കൊടുത്തിരുന്നില്ല.”- ഡോ. നജ്മ പറഞ്ഞു.
”വെന്റിലേറ്ററില്‍ അലാം കേട്ടിട്ടും നഴ്സുമാര്‍ പലപ്പോഴും അത് അറ്റന്‍ഡ് ചെയ്തിട്ടില്ല. അങ്ങനെ പല അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. നന്നായി ജോലിയെടുക്കുന്ന നഴ്സുമാരുണ്ട്. എന്നാല്‍, ചിലര്‍ക്ക് മടിയുണ്ട്. ഞാന്‍ കെഎസ്യുവിലൊന്നും പ്രവര്‍ത്തിച്ചിട്ടില്ല. ഒരു പാര്‍ട്ടിയിലും ഞാന്‍ അംഗമല്ല.” ഡോ. നജ്മ കൂട്ടിച്ചേര്‍ത്തു.


