കർണ്ണാടകയിലെ ബെംഗളൂരുവിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ കുടുംബത്തിന് നേരെ നടന്ന സൈബർ ആക്രമണത്തിൽ പരാതി നൽകി അർജുന്റെ മാതാവ് ഷീല. പരാതിയിൽ സൈബർ പോലീസ് അന്വേഷണം തുടങ്ങി. പ്രാഥമിക അന്വേഷണം ആണ് തുടങ്ങിയത്. പരാതിയിൽ പറഞ്ഞിരിക്കുന്ന സോഷ്യൽ മീഡിയയിലെ അക്കൗണ്ട് ഉടമകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
വാർത്താസമ്മേളനത്തിനിടെ അർജുന്റെ അമ്മ ഷീല പറഞ്ഞ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്ത രണ്ട് യൂട്യൂബ് ചാനലുകൾക്കെതിരെയാണ് ചേവായൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.സൈന്യം രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ ദിവസം കുടുംബം നടത്തിയ പരാമർശത്തെ ചൊല്ലിയാണ് സൈബർ ആക്രമണം നടക്കുന്നത്. അർജുന്റെ അമ്മയുടെ അച്ഛൻ പട്ടാളക്കാരനാണ്. അന്ന് തെരച്ചിൽ സംബന്ധിച്ച് കുടുംബം ചില വിഷമങ്ങളും ആശങ്കകളും പറഞ്ഞിരുന്നു. അർജുന്റെ അമ്മയുടെ സഹോദരിയുടെ ശബ്ദം എഡിറ്റ് ചെയ്ത് വ്യാജ വീഡിയോകൾ പ്രചരിപ്പിക്കുന്നു എന്നാണ് കുടുംബം നൽകിയ പരാതിയിൽ പറയുന്നത്.