വനിതാ ഡോക്ടറെ പീഡിപ്പിച്ചെന്ന പരാതിയില്‍ മലയന്‍കീഴ് എസ്എച്ച്ഒയ്ക്കെതിരെ നടപടി. എസ്എച്ച്ഒ എവി സൈജുവിനെയാണ് സ്റ്റേഷന് ചുമതലകളില്‍ നിന്ന് നീക്കിയത്. ഇയാളെ പൊലീസ് ആസ്ഥാനത്തെക്ക് സ്ഥലം മാറ്റിയതായി ഡിജിപി ഉത്തരവിറക്കി. സൈജുവിനെതിരെയുളള പീഡന പരാതിയില്‍ അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. പോലീസ് അസോസിയേഷന് ജില്ല റൂറല്‍ പ്രസിഡന്റാണ് സൈജു.
വിദേശത്തായിരുന്ന വനിതാ ഡോക്ടര്‍ 2019-ലാണ് നാട്ടിലെത്തുന്നത്. ഇവരുടെ ഉടമസ്ഥതയിലുള്ള കടമുറി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കുന്നതിനായി സ്റ്റേഷനില്‍ എത്തിയപ്പോഴാണ് സൈജുവിനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം വിവാഹ വാഗ്ദാനം നല്കി നിരവധി തവണ വീട്ടിലെത്തി പീഡിപ്പിച്ചുവെന്നാണ് പരാതി.
2019 ല്‍ ഒരു ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുമ്പോള്‍ വീട്ടിലെത്തിയ സൈജു പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. പീഡന വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് പലപ്പോഴും വീട്ടിലെത്തി പീഡിപ്പിച്ചു. പണം കടംവാങ്ങി. ഭാര്യയുമായി വേര്‍പിരിഞ്ഞുവെന്നും വിവാഹം കഴിക്കുമെന്നും പറഞ്ഞ് പല വര്‍ഷങ്ങള്‍ തന്നെ സൈജു കബളിപ്പിച്ചുവെന്ന് യുവതി പറഞ്ഞു.
മാതാപിതാക്കളില്ലാതെ തനിച്ചു കഴിയുന്ന തന്റെ ജീവനു ഇന്‍സ്പെക്ടറില്‍ നിന്നു ഭീഷണിയുണ്ടെന്നും പരാതിക്കാരി ആരോപിച്ചു.


