തിരുവനന്തപുരം ആറ്റങ്ങലില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കുട്ടിയെ പൊതുജന മധ്യത്തില്‍ അപമാനിച്ച സംഭവത്തില്‍ സര്‍ക്കാര്‍ വിശദീകരണം തൃപ്തികരമല്ലെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ ഉത്തരവാദിത്തം ഏറ്റെടുത്തേ മതിയാകൂവെന്ന് കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ല. എന്തിനാണ് ഇങ്ങനെ ഒരു റിപ്പോര്‍ട്ട് കോടതിക്ക് കൈമാറിയതെന്നും കോടതി ചോദിച്ചു. സാക്ഷി മൊഴികളില്‍ കുട്ടി കരയുന്നുവെന്ന് പറയുന്നുണ്ട്, അതെന്തിനാണെന്ന് വ്യക്തമാക്കണം. അങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്നാണോ സര്‍ക്കാര്‍ പറയുന്നതെന്നും കോടതി ചോദിച്ചു.
കുട്ടിയെ അപമാനിക്കുന്ന ദൃശ്യം പൊലീസ് എന്തിന് മറച്ചുവെന്ന് കോടതി വിമര്‍ശിച്ചു. പൊലീസ് നടത്തിയ വകുപ്പുതല അന്വേഷണം ഉദ്യോഗസ്ഥയെ സംരക്ഷിക്കുന്നത്. സര്‍ക്കാരിന്റെ മറുപടിക്കൊപ്പം വിഡിയോ ഹാജരാക്കാത്തതില്‍ വിമര്‍ശിച്ച കോടതി, വിഡിയോ ദ്യശ്യങ്ങള്‍ ഉടന്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്കി. അസഹിഷ്ണുത കാണിക്കരുതെന്ന് സര്‍ക്കാര്‍ അഭിഭാഷകന് കോടതി മുന്നറിയിപ്പ് നല്കി.
കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ രേഖാമൂലം അറിയിച്ചിരുന്നു. ഉദ്യോഗസ്ഥയുടെ തെറ്റിന് പരമാവധി നടപടി സ്വീകരിച്ചുവെന്നും ഇനിയും നടപടി എടുക്കേണ്ടതില്ലെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്. നാല് സാക്ഷിമൊഴികളും ഹാജരാക്കി. പൊലീസ് ഉദ്യോഗസ്ഥ ചീത്ത വിളിക്കുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ലെന്നാണ് സാക്ഷിമൊഴികള്‍. കുട്ടിക്ക് വേണമെങ്കില്‍ നഷ്ടപരിഹാരം തേടി സിവില്‍ കോടതിയെ സമീപിക്കാമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച ഹൈക്കോടതി, കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും നഷ്ടപരിഹാരത്തുക എത്രയാണെന്ന് സര്‍ക്കാര്‍ അറിയിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഐ.എസ്.ആര്.ഒ ചാരക്കേസില്‍ നമ്പി നാരയണന് നഷ്ടപരിഹാരം ലഭിച്ചതു പോലെ ഈ കുട്ടിക്കും നഷ്ടപരിഹാരം നല്‍കേണ്ടതുണ്ടെന്നും എട്ട് വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ പരസ്യമായി വിചാരണ നടത്തിയത് അത്യന്തം അപമാനകരമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.


