പീഡനക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘം മുമ്പാകെ ഹാജരാകേണ്ടത് ശനിയാഴ്ച മുതല്‍ അടുത്ത മാസം ഒന്നാം തീയതി വരെ. ഈ ദിവസങ്ങളില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ഏഴു വരെയായിരിക്കും എല്‍ദോസിന്റെ ചോദ്യം ചെയ്യല്‍ നടക്കുക.
അതേസമയം, എല്‍ദോസ് ഒളിവില്‍ അല്ലെന്നും മാധ്യമങ്ങള്‍ക്ക് മുമ്പാകെ വരുമെന്നും അഭിഭാഷകന് പറഞ്ഞു. പീഡന പരാതി കെട്ടിച്ചമച്ചതാണ്. ശനിയാഴ്ച അന്വേഷണ സംഘത്തിന്റെ മുമ്പാകെ ഹാജരാകുമെന്നും അഭിഭാഷകന് പറഞ്ഞു.
കര്‍ശന ഉപാധികളോടെ, അഞ്ചുലക്ഷം രൂപയുടെ രണ്ട് ആള് ജാമ്യത്തിലാണ് ഇന്ന് എല്‍ദോസിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുത്, തെളിവു നശിപ്പിക്കരുത്, രാജ്യം വിടരുത്, ഫോണ്‍ അന്വേഷണഉദ്യോഗസ്ഥന് കൈമാറണം, സോഷ്യല്‍ മീഡിയയിലൂടെ പ്രകോപന പോസ്റ്റുകള്‍ ഇടരുത് തുടങ്ങിയ ഉപാധികളോടെയായിരുന്നു മുന്‍കൂര്‍ ജാമ്യം.
ചോദ്യം ചെയ്യലില്‍ എല്‍ദോസില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ അടിസ്ഥാനമാക്കിയാകും അന്വേഷണ സംഘത്തിന്റെ തുടര്‍ നടപടികള്‍. ആലുവ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് എല്‍ദോസിനെതിരെ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തത്. ബലാത്സംഗം, വധശ്രമം, തട്ടിക്കൊണ്ടുപോകാന്‍ തുടങ്ങിയ ഗുരുതര വകുപ്പുകള്‍ എല്‍ദോസിനെതിരെ ചുമത്തിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്.


