മുവാറ്റുപുഴ: ബുക് സ്റ്റാളില്‍ എത്തിയ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ സി.പി.എം. നേതാവ് അറസ്റ്റില്‍. പമഞ്ഞളൂര് പഞ്ചായത്തിലെ വാഴക്കുളം എലുവുംകുന്നുംപുറം ബ്രാഞ്ച് സെക്രട്ടറി പി.ടി. മനോജിനെയാണ് വാഴക്കുളം പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ വാഴക്കുളം ടൗണില്‍ പോസ്റ്റ് ഓഫീസിന് സമീപമാണ് സംഭവം. സമീപത്തുള്ള ബുക് സ്റ്റാളില്‍ എത്തിയ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ ബുക്സ്റ്റാളില്‍ ഇരിക്കുകയായിരുന്ന മനോജ് മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട പെണ്‍കുട്ടി ഇയാളെ ചോദ്യം ചെയ്തു. പെണ്‍കുട്ടി ബഹളം വച്ചതോടെ നാട്ടുകാരും തടിച്ചു കൂടി.
ചിത്രം പകര്‍ത്തിയിട്ടില്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞ് മനോജ് സ്കൂട്ടറില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞു. ഇതിനിടെ തൊട്ടടുത്തുള്ള വാഴക്കുളം പൊലീസ് സ്റ്റേഷനില്‍ നിന്ന് ഉദ്യോഗസ്ഥര്‍ എത്തി മനോജിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഫോണും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ഫോണില്‍ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ കണ്ടെത്തിയതായാണ് സൂചന. രണ്ടുവട്ടം ആവോലി ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന മനോജ് കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ആവോലി ഡിവിഷനില്‍ നിന്ന് മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ച് പരാജയപ്പെട്ടിരുന്നു.
പെണ്‍കുട്ടിയുടെ പരാതിയില്‍ മനോജിനെതിരെ 119 (ബി), 509 തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയതായും അറസ്റ്റ് രേഖപ്പെടുത്തിയതായും വാഴക്കുളം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സതീഷ്കുമാര്‍ എസ്. അറിയിച്ചു.


