കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ പ്രതികരണവുമായി മര്‍ദനമേറ്റയാള്‍. കോഴ്സ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുള്ള തര്‍ക്കമാണ് മര്‍ദനത്തിന് കാരണമായതെന്നും സര്‍ട്ടിഫിക്കറ്റ് നേരത്തെ നല്‍കിയിരുന്നെന്നും പിതാവ് പറഞ്ഞു. അടിക്കല്ലേന്ന് പറഞ്ഞിട്ടും പപ്പയെ ജീവനക്കാര്‍ മര്‍ദിച്ചെന്നും പെണ്‍കുട്ടിയാണെന്ന് പോലും നോക്കാതെ തന്നെയും തള്ളിയിട്ടെന്നും മകള്‍ പറഞ്ഞു.
‘രാവിലെ 11 മണിയോടെയാണ് മകളുടെ ബസ് കണ്സഷന് റെന്യൂ ചെയ്യാന്‍ വേണ്ടി ഡിപ്പോയില്‍ എത്തുന്നത്. പഴയ കണ്‍സഷനും ഫോട്ടോയും ആദ്യം കാണിച്ചു. പക്ഷേ ഇത് റിന്യു ചെയ്യാന്‍ പറ്റില്ലെന്നും കോഴ്സ് സര്‍ട്ടിഫിക്കറ്റ് വേണമെന്നും അവര്‍ പറഞ്ഞു. മൂന്നുമാസം മുന്‍പ് സര്‍ട്ടിഫിക്കറ്റ് കൊടുത്താണ് കണ്‍സെഷനെടുത്തത്. വീണ്ടും കൊടുക്കണോ എന്നതായിരുന്നു സംശയം. പക്ഷേ അതില്ലാതെ കണ്സെഷന് തരില്ലെന്ന് അവര്‍ പറഞ്ഞു.
നിങ്ങളെ പോലുള്ള ജീവനക്കാരുള്ളത് കൊണ്ടാണ് കെഎസ്ആര്‍ടിസി ഈ അവസ്ഥയില്‍ ആയതെന്ന് അറിയാതെ ഞാന്‍ പറഞ്ഞു പോയി. അതെന്റെ വീഴ്ചയാണ്. പക്ഷേ ഇത് കേട്ട് ഇഷ്ടപ്പെടാതെയാണ് ഒരാള്‍ ആദ്യം ദേഷ്യപ്പെട്ടത്. പലതവണ കയ്യില്‍ തട്ടി തട്ടി വന്നെങ്കിലും ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചു. മക്കളുണ്ടല്ലോ കൂടെ എന്നോര്‍ത്തു. ആ സമയത്താണ് സെക്യൂരിറ്റിക്കാരന് വന്ന് പിടിച്ചതും തല്ലിയതും. ഉടനെ മൂന്നാല് പേര് ചേര്‍ന്ന് തൊട്ടടുത്ത റൂമിലേക്ക് എന്നെ കൊണ്ടു പോയാണ് മര്‍ദിച്ചത്. ചുമരില്‍ ചേര്‍ത്ത് നിര്‍ത്തിയാണ് നെഞ്ചില്‍ ഇടിച്ചത്. മകളും കരഞ്ഞ് ബഹളം വെച്ചു’. മര്‍ദനത്തിനിരയായ പ്രേമന് പറഞ്ഞു.
‘ടോയ്ലറ്റില് പോയി തിരിച്ചു വരുമ്പോഴാണ് തര്‍ക്കമുണ്ടായത് കണ്ടത്. പപ്പയെ തല്ലുന്നത് കണ്ടപ്പോള്‍ പിടിച്ചു മാറ്റാനാണ് ഞാന്‍ നോക്കിയത്. പക്ഷേ അവരെന്ന തള്ളിയിട്ടാണ് പപ്പയെ അടിച്ചത്. അടിക്കല്ലേന്ന് ഞാന്‍ പറഞ്ഞതാ. പപ്പയ്ക്ക് വയ്യാതായപ്പോഴാണ് അവര്‍ നിര്‍ത്തിയത്. വയ്യെന്ന് പറഞ്ഞിട്ടും ആരും സഹായിച്ചില്ല. കൂട്ടുകാരിക്കൊപ്പം ഞാന്‍ തന്നെയാണ് പൊലീസ് സ്റ്റേഷനില്‍ പോയി വിവരം പറഞ്ഞത്.
ഒരു പെണ്‍കുട്ടിയാണ്, കുട്ടിയാണ് എന്നൊന്നും നോക്കാതെയാണ് എന്നെയും തള്ളിയിട്ടത്. പൊലീസുകാരാണ് പപ്പയ്ക്ക് ഓട്ടോ വിളിച്ച് തന്ന് ആശുപത്രിയില്‍ പോയത്. ഇന്നുണ്ടായിരുന്ന പരീക്ഷ പോലും നന്നായി എഴുതാന്‍ കഴിഞ്ഞില്ല’.
വിഷയത്തില്‍ കെഎസ്ആര്‍ടിസി എംഡിയുടെ റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ തന്നെ കര്‍ശന നടപടിയെടുക്കുമെന്ന് ഗതാഗമന്ത്രി പറഞ്ഞു. പൊതുജനങ്ങളുടേതാണ് കെഎസ്ആര്‍ടിസി. അവരാണ് അതിന്റെ ഉടമകള്‍. അവരോട് മര്യാദയ്ക്ക് പെരുമാറേണ്ടത് ഉദ്യോഗസ്ഥരുടെ കടമയാണ്.
ഇന്നത്തെ സംഭവത്തിന്റെ ദൃശ്യങ്ങള്‍ കണ്ടു. ഗുരുതരമായ തെറ്റാണിത്. കണ്സെഷന് പുതുക്കാന്‍ കോഴ്സ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.
ഇന്ന് തന്നെ റിപ്പോര്‍ട്ട് കിട്ടുന്നതിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സംഭവത്തില്‍ അഞ്ച് പേരെ പ്രതിചേര്‍ത്താണ് കാട്ടാക്കട പൊലീസ് കേസെടുത്തത്. ഐപിസി 143, 147, 149 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. അന്യായമായി തടഞ്ഞുവച്ച് മര്‍ദിക്കല്‍, സംഘം ചേരല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.


