വടകര പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനില്‍ കുഴഞ്ഞു വീണ് മരിച്ച സംഭവത്തില്‍ എസ്ഐ അടക്കം രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. എസ്ഐ നിജീഷ്, സിവില്‍ പൊലീസ് ഓഫീസറായ പ്രജീഷ് എന്നിവരുടെ അറസ്റ്റ് ആണ് സംസ്ഥാന ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. ഇരുവര്‍ക്കും കോടതി മുന്‍കൂര്‍ ജാമ്യം നല്കിയതിനാല് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.
കഴിഞ്ഞമാസം 22-ാം തിയതിയാണ് കല്ലേരി താഴെകോലോത്ത് സജീവന് സ്റ്റേഷനില്‍ കുഴഞ്ഞു വീണ് മരിച്ചത്. ഹൃദയാഘാതം മൂലമാണ് സജീവന് മരിച്ചതെന്നും കസ്റ്റഡിയില്‍ മര്‍ദിച്ചിട്ടില്ലെന്നുമാണ് പൊലീസുകാരുടെ വാദം. എന്നാല്‍ ഇതില്‍ സ്ഥിരീകരണം ലഭിക്കണമെങ്കില്‍ സിസിടിവി പരിശോധിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ കേസില്‍ നിര്‍ണായകമായ പരിശോധനക്ക് അയച്ച ഡിജിറ്റല്‍ തെളിവുകളുടെ ഫലം വേഗത്തില്‍ വേണമെന്നാവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് റീജിയണല്‍ ഫോറെന്‍സിക് ലബോറട്ടറിക്ക് കത്തയച്ചു.
സജീവന്റെ മരണം ഹൃദയാഘാതം മൂലമാണെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ മരണത്തിന് തൊട്ട് മുന്‍പ് ഉണ്ടായ പരുക്കുകളാണ് ഹൃദയാഘാതത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് സര്‍ജന്റെ റിപ്പോര്‍ട്ടിലുള്ളത്. സജീവന്റെ ശരീരത്തില്‍ ചതവുകള്‍ ഉള്‍പ്പടെ, പതിനൊന്നു മുറിവുകളുണ്ട്.
ആന്തരിക ക്ഷതമുണ്ടായെന്നും പരുക്കുകളെല്ലാം കൈകൊണ്ട് മര്‍ദ്ദിച്ചാലുണ്ടാകുന്ന വിധത്തിലാണെന്നും പൊലീസ് സര്‍ജന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സജീവനെ പൊലീസ് മര്‍ദിച്ചെന്നും ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായില്ലെന്നും പരാതിയുയര്‍ന്നിരുന്നു.


