കരിപ്പൂര്‍ സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് കൊടുവള്ളി സംഘത്തലവന് സൂഫിയാന് അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാന്‍ അനുമതി. സൂഫിയാന് അടക്കം 12 പേരെ അറസ്റ്റ് ചെയ്യണം എന്ന കസ്റ്റംസ് ആവശ്യം കോടതി അംഗീകരിച്ചു. ഉടന്‍ കസ്റ്റംസ് ജയിലിലെത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും. കോഴിക്കോട് വിമാനത്താവളം വഴി പ്രതികള്‍ സ്വര്‍ണ്ണ കള്ളക്കടത്ത് വ്യാപകമായി നടത്തിയിരുന്നുവെന്ന തെളിവിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ജൂണിലാണ് കൊടുവള്ളി വാവാട് സ്വദേശി സൂഫിയാന് (31) കൊണ്ടോട്ടി സ്റ്റേഷനില്‍ എത്തി കീഴടങ്ങിയത്. മുന്‍പ് സ്വര്‍ണക്കടത്ത് കേസില്‍ സൂഫിയാന് ജയിലില്‍ കിടന്നിട്ടുണ്ട്. കോഫെപോസ പ്രതിയായിരുന്നു സൂഫിയാന്. സ്വര്‍ണക്കടത്തിനുള്ള വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയത് ഇയാളാണ്.
സൂഫിയാന്റെ കീഴടങ്ങലിന് മുന്‍പേ സൂഫിയാന്റെ സഹോദരന് ഫിജാസ് പിടിയിലായിരുന്നു. കൊടുവള്ളി സംഘത്തിലെ അംഗമാണ് ഇയാളെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇതിന് പിന്നാലെയായിരുന്നു സൂഫിയാന്റെ കീഴടങ്ങള്‍.
കരിപ്പൂര്‍ സ്വര്‍ണ്ണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കില്ലെന്ന് പ്രതി സുഫിയാന് പറഞ്ഞിരുന്നു. സ്വര്‍ണം കൊണ്ടുവന്നത് അര്ജുന് ആയങ്കിക്ക് വേണ്ടിയാണെന്ന് സൂഫിയാന് കസ്റ്റംസ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. നിരന്തരമായി അര്ജുന് തന്നെയും കൂട്ടരെയും ആക്രമിക്കുന്നു, അതുകൊണ്ടു മാത്രമാണ് വിമാനത്താവളത്തില്‍ പോയതെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരെ സുഫിയാന് അറിയിച്ചു.
അപകടം നടന്ന ദിവസം പിടികൂടിയത് തന്റെ സ്വര്‍ണം അല്ല എന്നും മുന്‍പ് സ്വര്‍ണ്ണം കടത്തിയപ്പോള്‍ കസ്റ്റംസ് പിടികൂടിയിട്ടുണ്ട് എന്നും സുഫിയാന് പറഞ്ഞു. സ്വര്‍ണ്ണക്കടത്തുകാരെ ആക്രമിച്ച് അര്ജുന് സ്വര്‍ണ്ണം തട്ടിയിരുന്നു എന്നും സുഫിയാന് വ്യക്തമാക്കിയിരുന്നു.


