കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതി അര്ജുന് ആയങ്കിയെ തള്ളി ആകാശ് തില്ലങ്കേരിയുടെ മൊഴി. അര്‍ജുന്റെ സ്വര്‍ണ്ണക്കടത്ത് ബന്ധങ്ങള്‍ അറിഞ്ഞത് അവസാന ഘട്ടത്തിലെന്നും പാര്ട്ടിക്കാരന് എന്ന സൗഹൃദമാണ് അര്ജുന് ആയെങ്കിയുമായി ഉള്ളതെന്നും ആകാശ് മൊഴി നല്കി. ചെയ്യാത്ത കുറ്റം ഏറ്റെടുക്കാന്‍ തയ്യാറല്ല. അര്‍ജുനുമായുള്ള സൗഹൃദം പാര്ട്ടിക്കാരന് എന്ന നിലയില്‍ മാത്രമാണ്. തന്റെ പേര് പറഞ്ഞ് ആളുകളെ ഭീഷണിപ്പെടുത്തിയ വിവരം അറിഞ്ഞത് അര്ജുന് പിടിയിലായ ശേഷമാണെന്നും ആകാശ് തില്ലങ്കേരി കസ്റ്റംസിന് നല്കിയ മൊഴിയില്‍ പറയുന്നു.
സ്വര്‍ണ്ണക്കടത്തുമായി ഒരു ബന്ധവും ഇല്ലെന്നും ആകാശ് തില്ലങ്കേരി ചോദ്യം ചെയ്യലില്‍ പറഞ്ഞു. ആകാശിന്റെ മൊഴിയും, ഫോണ്‍ കോള്‍ രേഖകളും കസ്റ്റംസ് വിശദമായി പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കും. ടി.പി കേസില്‍ ജയിലില്‍ കഴിയുന്ന കൊടി സുനിയെ ചോദ്യം ചെയ്യാന്‍ ഉടന്‍ കോടതിയെ സമീപിക്കാനും കസ്റ്റംസ് തീരുമാനിച്ചു.
ഇന്നലെയാണ് കസ്റ്റംസ് ആകാശിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ പന്ത്രണ്ട് മണിക്കൂര്‍ നീണ്ടു നിന്നു. അര്ജുന് ആയങ്കി സ്വര്‍ണക്കവര്‍ച്ചയ്ക്കായി ഗുണ്ടാ സംഘങ്ങളുടെ പിന്തുണ തേടിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ആകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്തത്. അര്ജുന് ആയങ്കിയുടെ കളളക്കടത്ത് ഇടപാടിലോ സ്വര്‍ണം തട്ടിയെടുക്കുന്നതിലോ ആകാശ് തില്ലങ്കേരിക്ക് പങ്കുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. അര്ജുന് ആയങ്കിയുടെ ഇടപാടുകളെക്കുറിച്ച് ഇയാള്‍ക്ക് അറിവുണ്ടായിരുന്നു എന്ന നിഗമനത്തില്‍ത്തന്നെയാണ് അന്വേഷണസംഘം.
അതിനിടെ അര്ജുന് ആയങ്കിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് കസ്റ്റംസ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുളള കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. കേരളത്തിലെ വിവിധ വിമാനത്താവളങ്ങള്‍ വഴി മുമ്പും ഇയാള്‍ കളളക്കടത്ത് നടത്തിയെന്നും ഗുണ്ടാ സംഘങ്ങളുടെ പിന്തുണ ഇതിനായി ഉപയോഗിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.


