പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷിനേയും പ്രതി ചേര്‍ത്തു. അനധികൃതമായി വായ്പ നല്കാന് കൂട്ടുനിന്നെന്ന കേസിലാണ് ഹനീഷിനെ പ്രതി ചേര്‍ത്തത്. കേസില്‍ പത്താം പ്രതിയായാണ് മുഹമ്മദ് ഹനീഷിനെ ചേര്‍ത്തിരിക്കുന്നത്. കിറ്റ്കോ കണ്സല്ട്ടന്റുമായ എം.എസ്. ഷാലിമാര്‍, നിഷ തങ്കച്ചി, ബംഗളൂരു നാഗേഷ് കണ്‍സള്‍ട്ടന്‍സിയിലെ എച്ച്.എല്‍. മഞ്ജുനാഥ്, സോമരാജന് എന്നിവരേയും കേസില്‍ പ്രതി ചേര്‍ത്തു.
അതേസമയം, പാലരിവട്ടം മേല്‍പാലം അഴിമതികേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത മുന്‍മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. വിജിലന്‍സിന്റെ കസ്റ്റഡി അപേക്ഷയും കോടതിയുടെ മുന്നില്‍ വരും. ആരോഗ്യസ്ഥി മോശമാണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ് ഇബ്രാഹിം കുഞ്ഞ്.
റിമാന്‍ഡിലുള്ള 14 ദിവസത്തിനുള്ളില്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തെങ്കില്‍ മാത്രമെ മുന്‍ മന്ത്രിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് സാധിക്കൂ. ഇന്നലെ രാവിലെ വിജിലന്‍സ് അറസ്റ്റ് ചെയ്ത ഇബ്രാഹിം കുഞ്ഞിനെ ജഡ്ജി നേരിട്ട് ആശുപത്രിയില്‍ എത്തിയാണ് റിമാന്‍ഡ് ചെയ്തത്.


