തൃശൂര്‍: കൂട്ടുകാരന്റെ മകളായ ഒമ്പതു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 14 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി. തൃശൂര്‍ ചെമ്മണ്ണൂര്‍ സ്വദേശി സുനിലിനെയാണ് കോടതി ശിക്ഷിച്ചത്. തൃശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ ജഡ്ജി പി എന്‍ വിനോദാണ് ശിക്ഷ വിധിച്ചത്.
2011 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. മാതാപിതാക്കള്‍ വീട്ടിലില്ലാതിരുന്ന സമയത്ത് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന പെണ്‍കുട്ടിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു.
പരിചയക്കാരനായ പ്രതി, പൂവ് പറിച്ചു തരാമെന്ന് പറഞ്ഞ് വീട്ടിനുള്ളിലേക്ക് കൊണ്ടുപോയിട്ടാണ് പീഡനത്തിന് ഇരയാക്കിയത്. പിന്നീട് കടയില്‍ പോയപ്പോള്‍ പ്രതിയെ കണ്ടു ഭയന്ന പെണ്‍കുട്ടി മാതാപിതാക്കളോട് വിവരം വെളിപ്പെടുത്തുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ കേസെടുത്ത ഗുരുവായൂര്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്.


