കോട്ടയത്തെ ഷാന്‍ ബാബുവിന്റെ കൊലപാതകത്തില്‍ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളായ ലുധീഷ്, സുധീഷ്, കിരണ്‍ എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. ഇവരെല്ലാം കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. പുല്‍ച്ചാടി ലുദീഷിനെ മര്‍ദിച്ചതിന് പ്രതികാരമായാണ് ഷാനെ കൊലപ്പെടുത്തിയത്. പ്രതികള്‍ക്കെതിരെ നിരവധി ക്രിമിനല്‍ കേസുകളാണ് നിലവിലുള്ളത്. പ്രധാന പ്രതി ജോമോനെ ഇന്ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.
ഗുണ്ടാ ലഹരി സംഘാംഗങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് പൊലീസ് തീരുമാനം. നിരവധി ഗുണ്ടകള്‍ക്കെതിരെ ജില്ല ഭരണകൂടം റിപ്പോര്‍ട്ട് നല്കി കഴിഞ്ഞു. അതേസമയം കോട്ടയത്തെ ഷാന്‍ ബാബുവിന്റെ കൊലപാതകത്തില്‍ പൊലീസിന് വീഴ്ചയില്ലെന്ന് എസ്പി ഡി ശില്പ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഷാന്‍ ബാബുവിന്റെ അമ്മയുടെ പരാതി ലഭിച്ചപ്പോള്‍ തന്നെ നടപടിയെടുത്തിരുന്നു. പരാതി ലഭിച്ച ഉടന്‍ വാഹന പരിശോധന തുടങ്ങുകയും അലേര്‍ട്ട് നല്‍കുകയും ചെയ്തു.
മുഖ്യപ്രതി ജോമോന് കെ ജോസിന്റെ വീട്ടിലും പൊലീസ് എത്തിയിരുന്നു. കേസില്‍ പങ്കുള്ള അഞ്ച് പ്രതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തെന്നും എസ്പി ഡി ശില്പ വ്യക്തമാക്കിയിരുന്നു. ഷാന്‍ ബാബുവിനെ തട്ടികൊണ്ട് പോകാന്‍ ഉപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. ജോമോന്റെ കൂട്ടാളിയായ ഷാനിന്റെ സുഹൃത്ത് മര്‍ദിച്ചതാണ് വൈരാഗ്യത്തിന് പിന്നിലെ കാരണം. കൊല്ലപ്പെട്ട ഷാന്‍ ബാബു കഞ്ചാവ് കേസിലെ പ്രതിയാണെന്നും എസ്പി ഡി ശില്പ വിശദീകരിച്ചു.
അതേസമയം കോട്ടയത്തെ ഷാന്‍ ബാബുവിന്റെ കൊലപാതകത്തില്‍ മനുഷ്യാവകാശ കമ്മിഷന് കേസെടുത്തു. കോട്ടയം ജില്ലാ പൊലീസ് മേധാവി രണ്ട് ആഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പത്തൊന്‍പതുകാരനായ യുവാവിന്റെ കൊലപാതകത്തിലെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തു വന്നു. കൊലയ്ക്ക് മുന്‍പ് ഷാന്‍ നേരിട്ടത് ക്രൂരമര്‍ദനമെന്ന് പൊലീസ് പറയുന്നു.

