കൊച്ചിയില്മുന് മിസ് കേരളയും റണ്ണറപ്പും ഉള്‍പ്പെടെ മൂന്ന് പേര് മരിച്ച അപകടം പ്രത്യേക സംഘം അന്വേഷിക്കും. ജില്ലാ ക്രൈംബ്രാഞ്ചിന് കീഴില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. എ.സി.പി ബിജി ജോര്‍ജിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പൊലീസിനെതിരെ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് കേസ് പ്രത്യേക സംഘത്തിന് കൈമാറിയത്. അതേസമയം മോഡലുകള്‍ സഞ്ചരിച്ച കാര്‍ പിന്തുടര്‍ന്ന സൈജു മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു.
ഇതിനിടെ ഓഡി കാര്‍ ഡ്രൈവര്‍ ഷൈജു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. കാര്‍ പിന്തുടര്‍ന്നതാണ് അപകടത്തിന് കാരണമായതെന്ന ഡ്രൈവര്‍ അബ്ദു റഹ്മാന്റെ മൊഴി തെറ്റാണെന്ന് ഷൈജു ജാമ്യാപേക്ഷയില്‍ വ്യക്തമാക്കി.
കേസിലെ നിര്‍ണായ തെളിവുകളായ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ച കേസില്‍ ഹോട്ടല്‍ 18 ഉടമ റോയി വയലാട്ടിനെയും അഞ്ച് ഹോട്ടല്‍ ജീവനക്കാരെയും പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതിരുന്നു. ഹോട്ടല്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
നവംബര്‍ ഒന്നിനാണ് ഹാന്‍ഡ് ഡിസ്ക് മാറ്റിയതെന്നും മോഡലുകളെ നിരീക്ഷിക്കാന്‍ ഓഡി കാര്‍ ഡ്രൈവര്‍ സൈജുവിനെ വിട്ടത് താനാണെന്നും റോയ് വ്യക്തമാക്കി. മദ്യപിച്ചുള്ള യാത്ര ഒഴിവാക്കണമെന്ന ആവശ്യം മോഡലുകള്‍ നിരസിച്ചു. അഭ്യര്‍ത്ഥന കണക്കാക്കാതെ യാത്ര തുടര്‍ന്ന സാഹചര്യത്തിലാണ് ഡ്രൈവറെ പിറകെ അയച്ചതെന്നും റോയ് പറഞ്ഞു. അപകട വിവരം അറിയിക്കാന്‍ വിളിച്ച ഡ്രൈവറോട് ആശുപത്രിയില്‍ തുടരാന്‍ റോയ് നിര്‍ദേശിച്ചെന്നും മൊഴിയില്‍ വ്യക്തമാകുന്നു.
അതിനിടെ ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണത്തിനൊരുങ്ങിയിരിക്കുകയാണ് എക്സൈസ്. നമ്പര്‍ 18 ഹോട്ടലിലെ ജീവനക്കാരുടെയും സമീപവാസികളുടെയും മൊഴിയെടുക്കും. അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് നല്കാന് എക്സൈസ് കമ്മിഷന് നിര്‍ദേശിച്ചു.
നവംബര്‍ ഒന്നിന് പുലര്‍ച്ചെ ഒരു മണിയോടെ എറണാകുളം ബൈപ്പാസില്‍ വൈറ്റിലയ്ക്ക് അടുത്തായിരുന്നു അപകടം. അന്‍സിയും അഞ്ജനയും സഞ്ചരിച്ച കാര്‍ മുന്നില്‍ പോകുകയായിരുന്ന ബൈക്കില്‍ തട്ടി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് മരത്തില്‍ ഇടിച്ച് തകരുകയായിരുന്നു. അപകട സ്ഥലത്ത് വെച്ച് തന്നെ അന്‍സി കബീറും, അഞ്ജന ഷാജനും മരിച്ചു.
കാറിലുണ്ടായിരുന്ന മുഹമ്മദ് ആഷിഖിനേയും അബ്ദുള്‍ റഹ്മാനേയും ആശുപത്രിയിലേക്ക് മാറ്റി. അതീവ ഗുരുതരാവസ്ഥയിലായിരുന്ന മുഹമ്മദ് ആഷിക് പിന്നീട് മരിച്ചു. അപകടത്തില്‍പെട്ട ബൈക്ക് യാത്രക്കാരന് നിസ്സാര പരിക്ക് മാത്രമാണ് പറ്റിയത്.


