കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായി മരട് ലേക് ഷോര്‍ ആശുപത്രിയില്‍ കഴിയുന്ന മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്ക് ആണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. വിജിലന്‍സ് ജഡ്ജി ജോബിന് സെബാസ്റ്റ്യന്‍ ആശുപത്രിയില്‍ നേരിട്ടെത്തിയാണ് റിമാന്‍ഡ് ചെയ്തത്. ശാരീരിക സ്ഥിതി മോശമായതിനാല്‍ ഇബ്രാഹിംകുഞ്ഞ് ആശുപത്രിയില്‍ തുടരും. വിജിലന്‍സിന്റെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയും നാളെയാണ് പരിഗണിക്കുന്നത്.
തിരുവനന്തപുരം വിജിലന്‍സ് കോടതിയിലെ പ്രോസിക്യൂട്ടര്‍ ഉണ്ണികൃഷ്ണന് ചെറിന്നിയൂരാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ ബുധനാഴ്ച രാവിലെയാണ് അറസ്റ്റ് ചെയ്തത്.


