പാലാരിവട്ടം പാലം അഴിമതി കേസില്‍ നിര്‍ണായക നീക്കവുമായി വിജിലന്‍സ്. വിജിലന്‍സ് സംഘം രാവിലെ ഇബ്രാഹിംകുഞ്ഞിന്റെ ആലുവയിലെ വീട്ടിലെത്തി. വീണ്ടും ചോദ്യം ചെയ്യാനായാണ് എത്തിയതെന്നാണ് വിജിലന്‍സ് വിശദീകരണം. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വീടിനുള്ളില്‍ പരിശോധന നടത്തുകയാണ്.
10 അംഗ വിജിലന്‍സ് സംഘമാണ് എത്തിയത്. ഇബ്രാഹിംകുഞ്ഞ് വീട്ടില്‍ ഇല്ല. ആശുപത്രിയിലാണെന്നാണ് കുടുംബം വിജിലന്‍സിനെ അറിയിച്ചത്. വിജിലന്‍സിലെ ഒരു സംഘം മരടിലെ ആശുപത്രിയിലേക്ക് പോയി. വീട്ടില്‍ ഇബ്രാഹിംകുഞ്ഞിന്റെ ഭാര്യ മാത്രമായതിനാല്‍ വനിതാ പൊലീസിനേയും വിളിച്ചുവരുത്തിയിട്ടുണ്ട്.
നേരത്തെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബ്രാഹിം കുഞ്ഞിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. പാലാരിവട്ടം പാലം നിര്‍മാണ അഴിമതിയില്‍ നിന്ന് ലഭിച്ചതാണ് ഈ തുകയെന്നും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കളമശേരി സ്വദേശി ഗിരീഷ് ബാബു ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് അന്വേഷണം നടത്തുന്നത്.
പാലാരിവട്ടം കേസില്‍ അഞ്ചാം പ്രതിയാണ് ഇബ്രാഹിംകുഞ്ഞ്. കേസില്‍ പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി ഒ സൂരജ് അറസ്റ്റിലായിരുന്നു. ഇന്ന് വിജിലന്‍സ് വന്നത് കസ്റ്റഡിയില്‍ എടുക്കാനാണോ എന്ന് വ്യക്തമല്ല. പാലാരിവട്ടം പാലം നിര്‍മാണത്തിന് മുന്‍കൂര്‍ പണം നല്‍കിയത് മന്ത്രിയുടെ ഉത്തരവിന്‍മേലാണെന്നാണ് പാലം നിര്‍മാണ അഴിമതിക്കേസില്‍ അറസ്റ്റിലായ ടി.ഒ സൂരജ് വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇബ്രാഹംകുഞ്ഞിനെ വിജിലന്‍സ് പ്രതി ചേര്‍ത്തത്. ഫെബ്രുവരിയില്‍ മൂന്ന് വട്ടം വിജിലന്‍സ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തിരുന്നു.


