ഹോസ്റ്റലില്‍ നിന്നുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ പഞ്ചാബിലെ ചണ്ഡീഗഡില്‍ വിദ്യാര്‍ഥിനികളുടെ പ്രതിഷേധം. സംഭവത്തില്‍ പൊലീസ് കേസെടുത്തു. ഹോസ്റ്റലില്‍ ഉള്ള വിദ്യാര്‍ത്ഥി തന്നെയാണ് വീഡിയോ പ്രചരിപ്പിച്ചത് എന്ന് പൊലീസ് പറഞ്ഞു. ഈ പെണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു.
പഞ്ചാബിലെ മൊഹാലിയിലുള്ള ചണ്ഡീഗഡ് സര്‍വ്വകലാശാല ഹോസ്റ്റലിലാണ് അസാധാരണ സംഭവം. ഹോസ്റ്റലില്‍ ഒപ്പമുള്ളവരുടെ സ്വകാര്യ ദൃശ്യങ്ങള്‍ വിദ്യാര്‍ത്ഥിനി ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുകയായിരുന്നു. ഹോസ്റ്റില്‍ രാത്രിഏറെ വൈകിയും വിദ്യാര്‍ഥികള്‍ കുത്തിരിപ്പ് സമരമടക്കം പ്രതിഷേധവുമായി എത്തി.
പ്രതിഷേധത്തിനെത്തിയ വിദ്യാര്‍ഥികള്‍ കാമ്പസില്‍ ആത്മഹത്യാ ഭീഷണി മുഴക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ആത്മഹത്യ ശ്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മൊഹാലി പൊലീസ് മേധാവി വിവേക് സോണി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. വിദ്യാര്‍ഥിനിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചതാണ് പരാതിയെന്നും ഇതില്‍ ഫോറന്‍സിക് പരിശോധന നടക്കുകയാണെന്നും മറ്റെല്ലാം വ്യാജ പ്രചാരണമാണെന്നും അതില്‍ വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
വീഡിയോ ചോര്‍ന്നതിന്റെ പേരില്‍ നിരവധി പെണ്‍കുട്ടികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പൊലീസിനൊപ്പം സര്‍വകലാശാലയും തള്ളിക്കളഞ്ഞു. ഒരു പെണ്‍കുട്ടിയെ ബോധരഹിതയായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അവളുടെ ആരോഗ്യനില തൃപ്തികരമാണെന്നും സര്‍വകലാശാല അധികൃതര്‍ പറഞ്ഞു.
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് സംഭവം അങ്ങേയറ്റം അപമാനകരമെന്ന് പ്രതികരിച്ചു. വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ സമാധാനപ്പെടമെന്നും പറഞ്ഞു.
വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതായി പഞ്ചാബ് സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ മനീഷ ഗുലാത്തി പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി ഹര്‍ജോത് സിംഗ് ബെയിന്‍സും വിദ്യാര്‍ത്ഥികളോട് സംയമനം പാലിക്കാന്‍ നിര്‍ദ്ദേശിച്ചു. ‘കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടും. നമ്മുടെ സഹോദരിമാരുടെയും മക്കളുടെയും അഭിമാനത്തിന്റെ പ്രശ്നമാണ്. മാധ്യമങ്ങള്‍ ഉള്‍പ്പടെ നമ്മളെല്ലാവരും ശ്രദ്ധയോടെയിരിക്കണം’. അദ്ദേഹം ട്വീറ്റ് ചെയ്തു.


