പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടല്‍ നടപടികള്‍ വൈകിയതില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം. കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ എന്താണ് വിമുഖത എന്ന് ചോദിച്ച ഡിവിഷന് ബഞ്ച് ഈമാസം 23 നകം നടപടികള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്കി. ജപ്തിക്കായി നോട്ടീസ് നല്‍കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
മിന്നല്‍ ഹര്‍ത്താലിനിടെ നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള കോടതി ഉത്തരവ് നടപ്പാക്കാന്‍ വീണ്ടും സമയം ചോദിച്ചതാണ് കോടതി വിമര്‍ശനത്തിന് കാരണമായത്. ഉത്തരവ് നടപ്പാക്കാന്‍ എന്താണ് വിമുഖതയെന്ന് ചോദിച്ച കോടതി പൊതുമുതല്‍ നശിപ്പിക്കുന്നത് നിസാരമായി കാണാനാകില്ലെന്ന് വ്യക്തമാക്കി. ജില്ലാ അടിസ്ഥാനത്തില്‍ ഏതൊക്കെ നേതാക്കളുടെ സ്വത്തുക്കള്‍ കണ്ടു കെട്ടി എന്നുള്ള റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ സമര്‍പ്പിക്കേണ്ടതെന്നും കോടതി ഓര്‍മ്മിപ്പിച്ചു.
അതേസമയം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്റെ വീട്ടില്‍ ഇന്നും കൊല്ലത്ത് എന്‍ഐഎ പരിശോധന നടന്നു. കൊല്ലം ചാത്തനാംകുളത്തെ പി എഫ് ഐ പ്രവര്‍ത്തകന്റെ വീട്ടിലാണ് പരിശോധന നടന്നത്. പിഎഫ്ഐ പ്രവര്‍ത്തകനായിരുന്ന നിസാറുദ്ദീന്റെ ചാത്തിനാംകുളത്തെ വീട്ടിലായിരുന്നു എന്‍ഐഎ റെയ്ഡ്. ഡയറിയും ആധാര്‍ രേഖകളും എന്‍ഐഎ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.
സ്വത്ത് വകകകള്‍ കണ്ടു കെട്ടണമെന്ന ഉത്തരവ് നടപ്പിലാക്കുന്നതിലെ വീഴ്ചയില്‍ നിരുപാധികം മാപ്പപേക്ഷിച്ച സര്‍ക്കാര്‍ മനപ്പൂര്‍വ്വം വീഴ്ച്ച വരുത്തിയിട്ടില്ലെന്ന് കഴിഞ്ഞ തവണ ഹൈക്കോടതിയെ അറിയിച്ചിരുന്നു. രജിസ്ട്രേഷന് വകുപ്പ് കണ്ടെത്തിയ സ്വത്തുവകകളുടെ കണ്ടുകെട്ടല്‍ നടപടികള്‍ ജനുവരി 15നകം പൂര്‍ത്തീകരിക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ മുന്‍പ് ഉറപ്പ് നല്‍കിയിരുന്നു. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.