മറ്റൊരു വിവാഹം കഴിക്കുന്നതിനായി ഭാര്യയെ കൊലപ്പെടുത്താന്‍ അമ്മായിയച്ഛന് മരുമകള്‍ക്ക് ക്വട്ടേഷന്‍ നല്കി. മധ്യപ്രദേശിലെ രേവാ ജില്ലയിലാണ് സംഭവം. ക്വട്ടേഷന്‍ ഏറ്റെടുത്ത മരുമകള്‍ അമ്മായിയമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. വാല്മീകി കോള്‍(50), മരുമകള്‍ കാഞ്ചന് കോള്‍ (25) എന്നിവരാണ് അറസ്റ്റിലായത്.
വാല്മീകി കോള്‍ വീണ്ടും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നതായും അതിനായി ഭാര്യ സരോജിനെ എങ്ങനെയെങ്കിലും ഒഴിവാക്കാനും തീരുമാനിച്ചു. അമ്മായിയമ്മയും മരുമകളും തമ്മിലുള്ള പ്രശ്നങ്ങളെക്കുറിച്ച് ഇയാള്‍ക്ക് അറിയാമായിരുന്നു. ഈ സാഹചര്യം മുതലെടുത്ത് ഭാര്യയെ കഴുത്തറുത്ത് കൊല്ലാന്‍ ഇയാള്‍ മരുമകളോട് ആവശ്യപ്പെട്ടു. പ്രതിഫലമായി 4000 രൂപ നല്കി. എല്ലാ മാസവും ഒരു നിശ്ചിത തുക നല്‍കാമെന്നും ഉറപ്പു നല്കി.
ജൂലൈ 12നാണ് സരോജിനെ (50) വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകം നടന്ന ദിവസം വാല്മീകി സത്നയിലെ ബന്ധുവിന്റെ വീട്ടിലേക്ക് പോയിരുന്നു. അദ്ദേഹത്തിന്റെ മകന് മീററ്റിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ജൂലൈ 12 ന് മരുമകള്‍ ഇരുമ്പ് പാത്രം കൊണ്ട് അമ്മായിയമ്മയെ ആക്രമിച്ചു. ബോധരഹിതയായി വീണ അമ്മായിയമ്മയെ ഭര്‍തൃപിതാവ് നല്കിയ അരിവാളു കൊണ്ട് കഴുത്തറുക്കുകയും ചെയ്തെന്നും പൊലീസ് വിശദീകരിച്ചു.


