കല്ലുവാതുക്കല്‍ വിഷമദ്യ കേസില്‍ ശിക്ഷിക്കപ്പെട്ട മണിച്ചന്റെ ജയില്‍ മോചനത്തിന് ഗവര്‍ണര്‍ പച്ചക്കൊടി വീശി ഉത്തരവിറങ്ങിയെങ്കിലും പുറത്തിറങ്ങാനുള്ള വഴി ഇനിയും തെളിഞ്ഞിട്ടില്ല. 30.45 ലക്ഷം രൂപ സര്‍ക്കാരില്‍ കെട്ടിവയ്ക്കണം. കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ മണിച്ചനും കുടുംബത്തിനും സ്വത്തെല്ലാം നഷ്ടമായിരുന്നു. 30 ലക്ഷത്തോളം രൂപ എന്നത് പ്രതാപിയായിരുന്ന മണിച്ചനും കുടുംബത്തിനും ഇന്ന് വലിയ കടമ്പയാണ്. സര്‍ക്കാരിന്റെയോ സുപ്രീംകോടതിയുടെയോ ഇടപെടല്‍ ഉണ്ടായാല്‍ പുറത്തിറങ്ങാനാകും.
ചിറയന്‍കീഴ് റെയ്ഞ്ചില്‍ ഒന്നു മുതല്‍ 26 വരെ നമ്പറുകളിലുള്ള കള്ള് ഷാപ്പുകളാണ് മണിച്ചന് നടത്തിയിരുന്നത്. ഭാര്യ ഉഷയുടെ പേരിലായിരുന്നു ഷാപ്പിന്റെ ലൈസന്‍സ്. കേസില്‍ അകപ്പെടുന്നതിന് മുമ്പ് ഇവ നാല് കോടി രൂപയ്ക്ക് ലേലം ചെയ്തിരുന്നു. ആറു തവണയായി 2.40 കോടി കിസ്ത് (നികുതി) അടച്ചു. ബാക്കി നാലു തവണകളിലെ 1.60 കോടി അടവ് മുടക്കിയതിനാല്‍ അവരുടെ പേരിലുണ്ടായിരുന്ന വസ്തുക്കളും കുണ്ടുകെട്ടി എല്ലാം ലേലത്തില്‍ പോയി. ഷാപ്പുകളുടെയും മറ്റും ആവശ്യത്തിനായി അമ്പതോളം വാഹനങ്ങള്‍ മണിച്ചനുണ്ടായിരുന്നു. സ്പിരിറ്റ് വില്‍പ്പന നടത്തി നേടിയെ സമ്പാദ്യത്തിന് 25 കോടിയാണ് നികുതി കണക്കാക്കിയത്. ഇത് ഈടാക്കാന്‍ ഈ വാഹനങ്ങള്‍ കണ്ടുകെട്ടി ലേലം ചെയ്തു.
ചിറയന്‍കീഴിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ചേക്കറോളം ഭൂമി മണിച്ചനുണ്ടായിരുന്നു. പുളിമൂട് ജംഗ്ഷന് സമീപം ആഡംബര വീടും. കോടീശ്വരനായിരുന്ന മണിച്ചന് യാത്ര ചെയ്തിരുന്നത് ബെന്‍സിലായിരുന്നു. മാനേജര്‍ക്ക് യാത്ര ചെയ്യാന്‍ പ്യൂഷെ കാറും. സ്പിരിറ്റ് വാഹനത്തിന് എസ്കോട്ട് പോയതിന് നാല് മാരുതി ഡീസല്‍ സെന്‍ ഉള്‍പ്പെടെ ഈ വാഹനങ്ങളെല്ലാം സെയില്‍സ് ടാക്സ് പിടിച്ചെടുത്തു. തിരുവനന്തപുരത്ത് ഒരു തവണ എത്തിയപ്പോള്‍ താന്‍ സഞ്ചരിച്ചിരുന്ന പ്യൂഷെ കാര്‍ കാണാനിടയായതായി മാനേജര്‍ ബാലചന്ദ്രന് ഓര്‍ത്തെടുക്കുന്നു. പുളിമൂട്ടില്‍ ഇവര്‍ക്കുണ്ടായിരുന്ന കെട്ടിടം സര്‍ക്കാരിന്റെ കൈവശമാണ്.
വീടിനു സമീപത്തുള്ള ഗോഡൗണില്‍ നിന്ന് സ്പിരിറ്റ് പിടികൂടിയതിന് അബ്കാരി കേസില്‍ വിചാരണ കോടതി ഉഷയ്ക്ക് 10 വര്‍ഷം തടവും വിധിച്ചിരുന്നു. ഇതിനെതിരെ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി ഇനിയും തീര്‍പ്പായിട്ടില്ല. മദ്യക്കച്ചവടത്തില്‍ സജീവമായിരുന്ന ഘട്ടത്തില്‍ ലക്ഷങ്ങള്‍ പലരും നല്‍കാനുണ്ട്. 22 വര്‍ഷത്തെ തടവിന് ശേഷമുള്ള മണിച്ചന്റെ മോചനം മാത്രമാണ് ഇന്ന് കുടുംബത്തിന്റെ മോഹം. മണിച്ചനുള്‍പ്പെടെ 33 പേരെ മോചിപ്പിക്കാനാണ് ഉത്തരവിറങ്ങിയത്.


