പാലക്കാട്: ആര്.എസ്.എസ് മുന്‍ ശീരീരിക് ശിക്ഷണന്‍ പ്രമുഖ് എസ്.കെ. ശ്രീനിവാസന്റെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമാണെന്ന് എഫ്.ഐ.ആര്. പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിലുള്ള പ്രതികാരമായിട്ടാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
വിഷു ദിവസത്തിലാണ് എലപ്പുള്ളിയില്‍ വെച്ച് പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈര്‍ കൊല്ലപ്പെടുന്നത്. അതിന് തൊട്ടടുത്ത ദിവസം തന്നെ പാലക്കാട് നഗരത്തില്‍ പട്ടാപ്പകല്‍ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്. അതേ സമയം കൊലയാളികള്‍ ശ്രീനിവാസനെ ലക്ഷ്യം വെച്ചല്ല വന്നതെന്നും എളുപ്പത്തില്‍ കൊല നടത്താനായാണ് ശ്രീനിവാസനെ തെരഞ്ഞെടുത്തതെന്നും പൊലീസ് പറയുന്നു.
പാലക്കാട് നഗരത്തിലും, പരിസര പ്രദേശങ്ങളിലും താമസിച്ചവരാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. മൂന്ന് ബൈക്കുകളിലായാണ് കൊലയാളികള്‍ എത്തിയത്. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും ഇന്നലെ പുറത്ത് വന്നിരുന്നു. ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ കര്‍ശന പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
ശ്രീനിവാസന്റെ കൊലപാതകത്തിന് പ്രതികളെത്തിയ ബൈക്കിന്റെ ഉടമയെ പൊലീസ് തിരിച്ചറിഞ്ഞു. ഒരു സ്ത്രീയാണ് ബൈക്കിന്റെ ഉടമ. സ്ത്രീ വായ്പയെടുക്കാനായി ബൈക്ക് മറ്റൊരാള്‍ക്ക് കൈമാറിയിരുന്നു. ഈ ബൈക്ക് നിലവില്‍ കൈവശമുള്ളയാളെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമം പൊലീസ് ആരംഭിച്ചു.
അതേസമയം, ശ്രീനിവാസനെ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചതായാണ് പുറത്ത് വരുന്ന വിവരം. പ്രദേശത്ത് നിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പ്രതികളെ തിരിച്ചറിയാനായത്. ആറ് പേര് മൂന്ന് വാഹനങ്ങളിലായി ശ്രീനിവാസന്റെ കടയില്‍ എത്തിയെന്നും മൂന്ന് പേര് കടക്കുള്ളില്‍ കയറി ശ്രീനിവാസനെ ആക്രമിച്ചെന്നുമാണ് പൊലീസ് പറയുന്നത്. പ്രതികളെ തിരിച്ചറിയാനാകുന്ന നിരവധി സിസിടിവി ദൃശ്യങ്ങള്‍ ഇതിനോടകം പൊലീസ് ശേഖരിച്ചിട്ടുണ്ട്.


