മൈനാഗപ്പള്ളി ആനൂർകാവിലെ വാഹനാപകടത്തിൽ പ്രതി അജ്മലിനെതിരെ കുറ്റകരമായ നരഹത്യക്ക് കേസെടുത്തു. അജ്മലും ഒപ്പമുണ്ടായിരുന്ന ഡോ.ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനാ ഫലം പൊലീസിന് ലഭിച്ചു. മനപൂര്‍വ്വമായ നരഹത്യ ,അലക്ഷ്യമായി വാഹനം ഓടിക്കല്‍, മോട്ടര്‍ വെഹിക്കല്‍ ആക്ട് പ്രകാരവുമാണ് കേസ്. കൊല്ലം ശാസ്താംകോട്ട പൊലീസാണ് കേസെടുത്തത്. കൊല്ലം കരുനാഗപ്പളളി പൊലീസ് സ്റ്റേഷനിലെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അജ്മലെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ വൈകിട്ടാണ് സ്കൂട്ടറിൽ റോഡ് മുറിച്ചു കടക്കുകയായിരുന്ന മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോളും ബന്ധു ഫൗസിയയും അപകടത്തിൽപ്പെട്ടത്. വളവുതിരിഞ്ഞു വന്ന കാർ ഇരുവരെയും ഇടിച്ചു തെറിപ്പിച്ചു. നാട്ടുകാർ ഓടിക്കൂടുന്നത് കണ്ട് കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി അജ്മലും ശ്രീക്കുട്ടിയും രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞുമോളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
ഇന്ന് പുലര്‍ച്ചയോടെയാണ് മൈനാഗപ്പള്ളി സ്വദേശി അജ്മല്‍ പിടിയിലായത്. അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും ഇന്നലെ പുറത്തെത്തിയിരുന്നു. കാറിടിച്ച് സ്കൂട്ടര്‍ യാത്രിക വീണപ്പോള്‍ രക്ഷപ്പെടുത്താന്‍ തുനിയാതെ അജ്മല്‍ കാര്‍ യുവതിയുടെ ശരീരത്തിലൂടെ മുന്നോട്ടെടുത്തു. അപകടം കണ്ടപ്പോള്‍ തന്നെ നാട്ടുകാര്‍ അവിടേക്ക് ശ്രദ്ധിക്കുകയും പാഞ്ഞെത്തുകയും ചെയ്തു. വാഹനം മുന്നോട്ടെടുക്കരുത് നിര്‍ത്തൂ എന്ന് നാട്ടുകാര്‍ വിളിച്ചുപറഞ്ഞെങ്കിലും നാട്ടുകാരെ കടന്ന് അവരുടെ കൈയില്‍ പെടാതെ ഡ്രൈവര്‍ അതിവേഗം കാര്‍ മുന്നോട്ടെടുത്ത് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.