കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച കേസില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ അരുണ്‍ ഉള്‍പ്പടെയുള്ള അഞ്ച് പേരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. കോഴിക്കോട് സ്പെഷ്യല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ആണ് പ്രതികളുടെ ജാമ്യം തള്ളിയത്.
അരുണിന്റെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ സംഘമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ ക്രൂരമായി മര്‍ദ്ദിച്ചത്. മൂന്ന് സുരക്ഷാ ജീവനക്കാര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ആക്രമണത്തില്‍ പരാതി ഉയര്‍ന്നിട്ടും കേസെടുക്കാന്‍ തുടക്കത്തില്‍ പൊലീസ് തയ്യാറായിരുന്നില്ല. ഒടുവില്‍ വിവാദമായതോടെ, ആശുപത്രി സംരക്ഷണ നിയമം, അന്യായമായി സംഘം ചേരല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, മര്‍ദ്ദനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.
ഇതില്‍ ആശുപത്രി സംരക്ഷണ നിയമം അനുസരിച്ചുള്ള കേസ് ജാമ്യമില്ലാത്തതാണ്. ഇതിന് പുറമേ ഐപിസി 333 വകുപ്പ് പ്രകാരം കൂടി പൊലീസ് കേസെടുത്തിട്ടുണ്ട്. പൊതുസേവകനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചെന്ന ഈ വകുപ്പ് 10 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.


