സ്വര്‍ണക്കടത്ത് കേസ് പ്രതി കെ.ടി. റമീസിന് ജാമ്യം. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യകോടതിയാണ് ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്തില്‍ പ്രധാന ആസൂത്രകനാണെന്ന് എന്‍ഐഎ കണ്ടെത്തിയ പ്രതിയാണ് കെ ടി റമീസ്. റമീസിന്റെ ജാമ്യത്തെ കസ്റ്റംസ് കോടതിയില്‍ എതിര്‍ത്തിട്ടില്ലെന്നതും ശ്രദ്ധേയമായി. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശേഷം ഒരു പ്രതിക്ക് ജാമ്യം ലഭിക്കുന്നത് ഇതാദ്യമായാണ്.
കര്‍ശന നിര്‍ദ്ദേശങ്ങളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. രണ്ട് ലക്ഷം രൂപയുടെയോ സമാനമായ തുകയുടെയോ ജാമ്യം കോടതിയില്‍ കെട്ടിവയ്ക്കണം. എല്ലാ തിങ്കളാഴ്ചയും രാവിലെ 10 മുതല്‍ 11 മണിക്കിടയില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരായി ഒപ്പിടണം. ഏഴ് ദിവസത്തിനകം പാസ്പോര്‍ട്ട് കോടതിയില്‍ കെട്ടിവയ്ക്കണം. അന്വേഷണവുമായി എല്ലാ തരത്തിലും സഹകരിക്കണം എന്നിങ്ങനെ കര്‍ശന ഉപാധികളോടെയാണ് ജാമ്യം. അറസ്റ്റിലായി 61-ാം ദിവസമാണ് റമീസിന് ജാമ്യം ലഭിക്കുന്നത്.
ഈ ഘട്ടത്തില്‍ റമീസിന് ജാമ്യം ലഭിക്കുന്നത് കേസന്വേഷണത്തെ ബാധിക്കില്ല എന്ന് തന്നെയാണ് കസ്റ്റംസ് ചൂണ്ടിക്കാട്ടുന്നത്. ചോദിക്കേണ്ടതെല്ലാം റമീസിനോട് ചോദിച്ച് അറിഞ്ഞിട്ടുണ്ട്. അതിനാല്‍ത്തന്നെ കേസില്‍ ജാമ്യം നല്‍കുന്നതിനെ കസ്റ്റംസ് എതിര്‍ത്തില്ല. കസ്റ്റംസ് കേസില്‍ മാത്രമാണ് റമീസിന് ജാമ്യം ലഭിച്ചിട്ടുള്ളത്. എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസിലും റമീസ് പ്രതിയായതിനാല്‍ പുറത്തിറങ്ങാനാകില്ല. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഒരു കേസില്‍ ഒരു പ്രതിക്ക് ജാമ്യം കിട്ടുന്നത് ഇതാദ്യമാണ്.
കഴിഞ്ഞദിവസം സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനെയും കെ.ടി.റമീസിനെയും ആശുപത്രിയില്‍ നിന്ന് ജയിലിലേക്ക് മാറ്റിയിരുന്നു. ഇരുവര്‍ക്കും ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്ന മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഡിസ്ചാര്‍ജ് ചെയ്തത്.
ഇതിനിടെ, സ്വര്‍ണക്കടത്ത് കേസില്‍ പ്രതി മുഹമ്മദ് അന്‍വറിനെ വെള്ളിയാഴ്ച വരെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ മുഹമ്മദ് അന്‍വറിനെ ചോദ്യം ചെയ്യണമെന്ന എന്‍ഐഎയുടെ അപേക്ഷ പരിഗണിച്ചാണ് നടപടി. സ്വപ്ന സുരേഷിനെയും കസ്റ്റഡിയില്‍ വിടണമെന്ന് എന്‍ഐഎ ആവശ്യപ്പെട്ടിരുന്നെങ്കിലും സ്വപ്നയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കിയിട്ടില്ല. ജയില്‍ സൂപ്രണ്ട് നല്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പരഗിണച്ച ശേഷമാകും സ്വപ്നയുടെ കസ്റ്റഡി കാര്യത്തില്‍ തീരുമാനമെടുക്കുക.


