മഹാരാഷ്ട്രയിലെ ബീഡില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 400 പേര് പീഡിപ്പിച്ചു. ആറു മാസത്തിനിടെയാണ് അതിക്രൂര പീഡനം നടന്നത്. പീഡിപ്പിച്ചവരില്‍ പൊലീസുദ്യോഗസ്ഥനുമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ബീഡ് ജില്ലാ എസ്പി രാജാ രാമസ്വാമി വ്യക്തമാക്കി.
പരാതി നല്കാന് പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് പൊലീസുദ്യോഗസ്ഥന് പീഡിപ്പിച്ചത്. പെണ്‍കുട്ടി രണ്ട് മാസം ഗര്‍ഭിണിയാണ്. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് പോക്സോ കേസ് പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.
എട്ടു മാസങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞിരുന്നു. എന്നാല്‍, ഭര്‍ത്താവും ബന്ധുക്കളും പതിവായി ദേഹോപദ്രവം നടത്താന്‍ തുടങ്ങി. അതോടെ, തിരികെ പിതാവിനരികിലേക്ക് മടങ്ങി പോയെങ്കിലും വീട്ടില്‍ കയറ്റിയില്ല. തുടര്‍ന്ന്, ബസ് സ്റ്റാന്‍ഡില്‍ ഭിക്ഷാടനം നടത്തിയാണ് ജീവിച്ചിരുന്നത്.
ആ സമയത്താണ് ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടത്. പരാതിയുമായി പലവട്ടം പൊലീസ് സ്റ്റേഷന് കയറിയിറങ്ങിയെങ്കിലും അവര്‍ കേസെടുത്തിരുന്നില്ല. കഴിഞ്ഞയാഴ്ചയാണ് പുതിയൊരുദ്യോഗസ്ഥന്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
അതേസമയം ശിശുക്ഷേമ വകുപ്പ് പെണ്‍കുട്ടിയെ ഏറ്റെടുത്തതായി പോലീസ് അറിയിച്ചു. കുറ്റക്കാരെ ആരെയും വെറുതെ വിടില്ലെന്നും നിയമത്തിന് മുന്നില്‍ കൊണ്ടു വരുമെന്നും രാജസ്വാമി മുന്നറിയിപ്പ് നല്കി. സംഭവത്തില്‍ ശൈശവ നിയമ പ്രകാരവും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോക്സോ, ബലാത്സംഗം, പീഡനം തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. മറ്റ് പ്രതികളെ എല്ലാവരേയും ഉടന്‍ പിടികൂടുമെന്നും ചിലരെ കുറിച്ച് വിവരം ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.


