കോട്ടയം: മോഷണവീരന്‍ ബിജു സെബാസ്റ്റ്യന്‍ വീണ്ടും അറസ്റ്റില്‍. ഇരുപത് വര്‍ഷത്തിനിടെ ഇരൂന്നൂറിലധികം മോഷണംനടത്തിയ ബിജു, ജയിലില്‍ നിന്നിറങ്ങി മൂന്നാംദിവസമാണ് വീണ്ടും മോഷണകുറ്റത്തിന് അറസ്റ്റിലായത്. പോത്തന്‍കോട് കാരൂര്‍ക്കോണം ജൂബിലി ഭവനില്‍ ബിജു സെബാസ്റ്റ്യനാണ് തിരുവല്ല പൊലീസിന്റെ വലയില്കുടുങ്ങിയത്. കൊലക്കേസ് പ്രതിയായ കവിയൂര്‍ സ്വദേശി ജേക്കബ് ജോസും ഇയാളോടൊപ്പം അറസ്റ്റിലായി.
ആളില്ലാത്ത വീട് കണ്ടെത്തി വാതില്‍ പൊളിച്ച് അകത്തുകയറും. മോഷണം നടത്തിയശേഷം, വാഹനത്തിന്റെ താക്കോല്‍ കണ്ടെടുത്ത് ആ വാഹനവുമായി കടന്നുകളയുന്നതാണ് ബുജുവിന്റെ രീതി. കഴിഞ്ഞ ജൂലൈയില്‍ അടൂരിലും പരിസരത്തുമായി പത്തോളം വീടുകളില്‍ മോഷണം നടത്തി. ഏഴംകുളത്ത് ഒരു വീട്ടില്‍ ഇയാള്‍ മോഷണത്തിനു കയറിയതറിഞ്ഞ് പൊലീസ് വീടുവളഞ്ഞു. ഈസമയം വീടിന്റെ രണ്ടാം നിലയില്‍ നിന്നു ചാടിപരുക്കേറ്റ് ആശുപത്രിയിലായിരുന്നു.
ഈ കേസിലെ റിമാന്‍ഡ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയാണ് അടൂരിലും തിരുവല്ലയിലും മോഷണം നടത്തിയത്. മോഷ്ടിച്ച കാറില്‍ രണ്ടുദിവസം കറങ്ങിനടന്നു. പിന്നെ, ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനില്‍ കാര്‍ പാര്‍ക്ക്ചെയ്ത്, തിരുവല്ലയിലെത്തി പുത്തന്‍പുരയില്‍ ഒരു വീടുപൊളിച്ച് അകത്തുകയറി. പണംകവര്‍ന്ന് പോര്‍ച്ചില്‍ കിടന്ന കാറുമായി മുങ്ങി. ഈ കേസിന്റെ അന്വേഷണത്തിലാണ് തിരുവല്ല പൊലീസിന്റെ വലയില്‍ പ്രതികുടുങ്ങിയത്.
തിരുവല്ല സിഐ കെ.ബൈജുകുമാറിന്റെ നേതൃത്വത്തിലാണ് ചങ്ങനാശേരി റെയില്‍വേസ്റ്റേഷനില്‍ നിന്ന് പ്രതിയെ അറസ്റ്റുചെയ്തത്. 2016ല്‍ പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ വീടുകള്‍ കേന്ദ്രീകരിച്ച് വ്യാപകമായി നടന്ന മോഷണത്തില്‍ ബിജു പിടിയിലായിരുന്നു. അന്ന് 25 ഓളം കേസുകള്‍ തെളിയുകയും നിരവധി വാഹനങ്ങളും കണ്ടെടുത്തിരുന്നു. കോന്നി, കോഴഞ്ചേരി, അടൂര്‍ എന്നിവിടങ്ങളില്‍ വീട് വാടകയ്ക്കെടുത്തു താമസിച്ച് മോഷണം നടത്തിയതായും തെളിഞ്ഞിട്ടുണ്ട്.
മോഷ്ടിക്കുന്ന കാറുകള്‍ വില്ക്കാന് സഹായിക്കുകയും വീട് തരപ്പെടുത്തികൊടുക്കുകയും ചെയ്തതിനാണ് കൊലക്കേസില്‍ പ്രതിയായ കവിയൂര്‍ ഞാല്‍ഭാഗം ചക്കാലയില്‍ ജേക്കബ് ജോസ് ഇയാളോടൊപ്പം പിടിയിലായത്. തിരുവല്ല തോട്ടഭാഗത്ത് വൈദികനെ കൊലപ്പെടുത്തിയ കേസില്‍ ജേക്കബ് ജയിലില്കിടന്നിട്ടുണ്ട്. റിമാന്‍ഡ് ചെയ്ത പ്രതികളെ കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ പറഞ്ഞു.


