കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ മൊഴി എടുപ്പിന് സാവകാശം അനുവദിക്കണമെന്ന് സ്വപ്ന സുരേഷ്. വിവാദ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലായിരുന്നു സ്വപ്നയെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി കത്ത് നല്‍കിയത്. അനാരോഗ്യം കാരണം രണ്ട് ദിവസത്തെ സാവകാശം ആണ് സ്വപ്ന ആവശ്യപ്പെട്ടത്. നേരില്‍ ഹാജരായി ആവശ്യപ്പെട്ടത് അനുസരിച്ച് ഇ ഡി സമയം അനുവദിക്കുകയും ചെയ്തു.
അഭിഭാഷകനെ ഓഫിസിലെത്തി കണ്ട് ചര്‍ച്ച നടത്തിയ ശേഷമാണ് സ്വപ്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെത്തിയ്. കസ്റ്റഡിയില്‍ ഇരിക്കെ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ എന്‍ഫോഴ്സ്മെന്റ് നിര്‍ബന്ധിച്ചുവെന്ന ശബ്ദരേഖയ്ക്ക് പിന്നില്‍ എം.ശിവശങ്കര്‍ നടത്തിയ ഗൂഢാലോചനയാണെന്ന് സ്വപ്ന ആരോപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യാന്‍ ഇഡി തീരുമാനിച്ചത്. കള്ളപ്പണ ഇടപാടില്‍ ശിവശങ്കറിന് കൂടുതല്‍ കാര്യങ്ങള്‍ അറിയാമായിരുന്നു എന്നും സ്വപ്ന അഭിമുഖത്തില്‍ തുറന്നുപറഞ്ഞിരുന്നു. ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ ഇഡി, ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ സ്വപ്നയ്ക്ക് കാവല്‍ നിന്ന പൊലീസുകാരുടെ മൊഴിയെടുത്ത് ഇഡി ഉദ്യോഗസ്ഥരെ പ്രതികളാക്കി കേസെടുക്കുകയാണ് പൊലീസ് ചെയ്തത്.
കേസ് ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ ഇതിനെതിരെ ഡിവിഷന് ബഞ്ചിനെ സമീപിച്ചിട്ടുണ്ട്. ഈ കേസില്‍ സ്വപ്നയുടെ വെളിപ്പെടുത്തല്‍ നിര്‍ണായകമാകുമെന്നാണ് ഇഡി ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്. പുതിയ വിവരങ്ങള്‍ കോടതിയില്‍ ഔദ്യോഗികമായി ഉടന്‍ അറിയിക്കാനാണ് ഇഡിയുടെ നീക്കം. ഈ കേസില്‍ കുറ്റപ്പത്രം സമര്‍പ്പിച്ച് കഴിഞ്ഞെങ്കിലും കൂടുതല്‍ തെളിവ് ശേഖരണത്തിന് സാധ്യത ഉണ്ടോയെന്ന് പരിശോധിക്കുകയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ്. സ്വപ്നയ്ക്ക് ഒപ്പം സ്വര്‍ണക്കടത്ത് കേസിലെ മറ്റൊരു പ്രതി സരിതും അഭിഭാഷകനെ കണ്ടിരുന്നു.


