ബലാത്സംഗക്കേസിലെ പരാതിക്കാരിക്ക് പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയുടെ ഭീഷണി സന്ദേശം. ഒളിവിലിരുന്ന് കൊണ്ടാണ് പരാതിക്കാരിക്ക് എല്‍ദോസ് വാട്സ്ആപ്പിലൂടെ ഭീഷണി സന്ദേശം അയച്ചത്. ഇന്നലെ പുലര്‍ച്ചെ 2.10നാണ് പരാതിക്കാരിയുടെ അടുത്ത സുഹൃത്തിന്റെ നമ്പറിലേക്ക് എല്‍ദോസ് സന്ദേശം അയച്ചത്. താന്‍ വിശ്വസിക്കുന്ന ദൈവം തക്ക മറുപടി നല്‍കുമെന്നാണ് സന്ദേശത്തില്‍ എല്‍ദോസ് പറയുന്നത്.
സന്ദേശത്തില്‍ എല്‍ദോസ് പറയുന്നത്: ”എന്നെ ചതിച്ച നീയും നിന്റെ കുടുംബവും ഞാന്‍ വിശ്വസിക്കുന്ന കര്‍ത്താവായ യേശു കൃസ്തു പകരം തക്കതായ മറുപടി തരും. എനിക്ക് നല്ല വിശ്വാസമുണ്ട്. പണത്തിന് വേണ്ടിയുള്ള കൊതി തീരുമ്പോള്‍ സ്വയം ചിന്തിക്കുക. ഞാന്‍ അതിജീവിക്കും. കര്‍ത്താവെന്റെ കൂടെയുണ്ടാകും.”
അതേസമയം കേസിലെ പരാതിക്കാരി കോവളം മുന്‍ എസ്.എച്ച്.ഒയ്ക്കെതിരെ ജില്ലാം ക്രൈംബ്രാഞ്ചിന് പരാതി നല്കി. എസ്.എച്ച്.ഒ പ്രൈജു കൈക്കൂലി വാങ്ങി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. വിജിലന്‍സിനും പരാതി നല്‍കുമെന്ന് പരാതിക്കാരി പറഞ്ഞു.
ചൊവ്വാഴ്ച മുതല്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ ഒളിവിലാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. നിലവില്‍ രണ്ടു ഫോണുകളും സ്വിച്ച് ഓഫാണ്.ഫേസ്ബുക്കില്‍ പോസ്റ്റിട്ടതല്ലാതെ മറ്റു വിവരങ്ങളില്ല. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റിനുള്ള മുന്നൊരുക്കം ആരംഭിച്ചത്. ജനപ്രതിനിധിയായതിനാല്‍ തുടര്‍ നടപടി അറിയിക്കാന്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ നിയമസഭ സ്പീക്കര്‍ക്ക് കത്ത് നല്കി. എന്നാല്‍ അറസ്റ്റിന് അനുമതി വേണ്ടെന്നായിരുന്നു സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ പ്രതികരണം.
അതേസമയം, എല്‍ദോസിനെ സംരക്ഷിക്കേണ്ട ബാധ്യത കെപിസിസിക്കില്ലെന്ന് വ്യക്തമാക്കി അധ്യക്ഷന്‍ കെ സുധാകരന് രംഗത്തെത്തി. ഒരു ജനപ്രതിനിധിയില്‍ നിന്ന് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് എല്‍ദോസില്‍ നിന്നുണ്ടായത്. ആരോപണം ശരിയാണോ തെറ്റാണോ എന്ന് പൊലീസ് അന്വേഷണമാണ് വ്യക്തമാക്കേണ്ടതെന്നും മാധ്യമങ്ങളോട് സംസാരിക്കവെ കെ സുധാകരന് പറഞ്ഞു.
എല്‍ദോസ് കുന്നപ്പിള്ളിയെ ഫോണില്‍ വിളിച്ചിട്ട് ലഭിക്കുന്നില്ലെന്നും, നിയമനടപടിയെ മറികടക്കാന്‍ എന്നതിനപ്പുറത്ത് മറ്റു ലക്ഷ്യങ്ങള്‍ ഒളിവില്‍ പോയതിന് പിന്നിലുണ്ടാകില്ലെന്നും സുധാകരന് പ്രതികരിച്ചു.


