വിവിധ നിയമ ലംഘനങ്ങള്‍ക്ക് കൊച്ചിയിലെ 187 സ്വകാര്യ ബസുകള്‍ക്ക് എതിരെ കേസ്. ഓപ്പറേഷന് സിറ്റി റൈഡ് എന്ന പേരില്‍ മോട്ടോര്‍ വാഹന വകുപ്പും പൊലീസും ഇന്നലെ പൊതുജനങ്ങളില്‍ നിന്നും വ്യാപക പരാതി ഉയര്‍ന്നതോടെ മിന്നല്‍ പരിശോധന നടത്തിയാണ് കേസെടുത്തത്.
കൊച്ചിയിലെ സ്വകാര്യ ബസുകള്‍ക്കെതിരെ വ്യാപക പരാതി ഉയരുന്ന സാഹചര്യത്തിലായിരുന്നു മോട്ടോര്‍ വാഹന വകുപ്പ് ഇന്നലെയൊരു മിന്നല്‍ പരിശോധന നടത്തിയത്. ഇന്നലെ രാവിലെ 11.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ ഒരുമണിക്കൂര്‍ നീണ്ടു നിക്കുന്ന മിന്നല്‍ പരിശോധനയാണ് പൊലീസും മോട്ടോര്‍ വാഹന വകുപ്പും നടത്തിയത്. ഇതിലാണ് 187 സ്വകാര്യ ബസുകള്‍ക്കെതിരെ നിയമ ലംഘനം നടന്നതായി കണ്ടെത്തിയത്.
കണ്ടക്ടര്‍ ലൈസന്‍സില്ലാതെ സര്‍വീസ് നടത്തിയിരുന്ന 60 സ്വകാര്യ ബസുകള്‍. യൂണിഫോമില്ലാതെ ജീവനക്കാര്‍ സര്‍വീസ് നടത്തിയിരുന്ന 30 ബസുകള്‍. മ്യൂസിക് സിസ്റ്റം ഉണ്ടായിരുന്ന 27 ബസുകള്‍. ഇങ്ങനെ 187 സ്വകാര്യ ബസുകള്‍ക്കെതിരെയാണ് കേസ്. കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറയിലെ സ്വകാര്യ ബസിനുള്ളില്‍ മാരകായുധങ്ങള്‍ കണ്ടെത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലും വ്യാപക പരാതി ഉയര്‍ന്നിരുന്നു. മിന്നല്‍ പരിധോധന വരും ദിവസങ്ങളിലും തുടരുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.


