ഇന്നലെ കൊയിലാണ്ടിയില്‍ നിന്ന് തട്ടിക്കൊണ്ടു പോയ പ്രവാസിയെ കണ്ടെത്തി. കുന്ദമംഗലത്ത് തടിമില്ലിന് സമീപം പരുക്കുക്കേളോടെയാണ് ഇയാളെ കണ്ടെത്തിയത്. തട്ടിക്കൊണ്ടു പോയവര്‍ അവിടെ ഇറക്കിവിട്ടുവെന്ന് അഷ്റഫ് പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഊരള്ളൂര്‍ സ്വദേശി അഷ്റഫിനെ അഞ്ചംഗ സായുധ സംഘമാണ് തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയ സംഘം ഇയാളെ ഉപദ്രവിച്ചതായി പൊലീസ് പറഞ്ഞു. കാല് ഒടിഞ്ഞ നിലയിലാണ്. തട്ടിക്കൊണ്ടു പോയവര്‍ ഭീഷണിപ്പെടുത്തുകയും ആയുധങ്ങള്‍ ഉപയോഗിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
അഷ്റഫ് കുന്ദമംഗലത്തും മാവൂരിനും ഇടയ്ക്കുള്ള തടിമില്ലിനടുത്താണ് ഉണ്ടായിരുന്നതെന്നാണ് പൊലീസിന് ലഭിച്ച മൊഴി. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്ത് സംഘത്തില്‍ അഷ്റഫ് കാരിയറായിരുന്നു. മെയ് 26ന് റിയാദില്‍ നിന്നെത്തിയ ഇയാള്‍ സ്വര്‍ണം കൊണ്ടു വന്നിട്ടുണ്ടെന്നാണ് ലഭിച്ച വിവരം. എന്നാല്‍ എത്തിച്ച സ്വര്‍ണം മറ്റാര്‍ക്കോ മറിച്ചു വിറ്റതോടെയാണ് ഇരുസംഘങ്ങളും തമ്മില്‍ പ്രശ്നമുണ്ടായതും ഇയാളെ തട്ടിക്കൊണ്ടു പോയതും. വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
ഇന്നലെ രാവിലെയാണ് അഷ്റഫിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട സംസാരമുണ്ടായതായി ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. അഷ്റഫിന്റെ സഹോദരന് നല്കിയ പരാതിയിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.


