കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടത് അസാധാരണ വിധിയെന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്‍ കോട്ടയം എസ്.പി എസ്. ഹരിശങ്കര്‍. ഇരയുടെ മൊഴി തന്നെ പരിഗണിക്കാമെന്നാണ് സുപ്രിം കോടതിവിധി. അതുകൊണ്ട് തന്നെ ഞെട്ടലുണ്ടാക്കുന്നു. വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും ഹരിശങ്കര്‍ വ്യക്തമാക്കി.
നീതിന്യായ വ്യവസ്ഥക്ക് തന്നെ വിധി അദ്ഭുതകരമാകും. നിര്‍ഭാഗ്യകരമായ വിധിയാണ്. പീഡിപ്പിക്കപ്പെട്ടപ്പോള്‍ തന്നെ സ്ത്രീ പ്രതികരിക്കണമെന്ന് പറയുന്നത് അംഗീകരിക്കാനാകില്ല. കന്യാസ്ത്രീയുടെ ജീവന് ഭീഷണിയുണ്ടായിരുന്നു. വിവരം പുറത്ത് പറയാന്‍ കഴിയാത്ത വിഷമത്തിലായിരുന്നു. ഏറെ നാള് കന്യാസ്ത്രീ സഭയ്ക്ക് അകത്ത് തന്നെ വിഷയം പരിഹരിക്കാന്‍ ശ്രമം നടന്നിരുന്നു. കേസ് നല്കാന് വൈകിയതിന് വ്യക്തമായ കാരണങ്ങളുണ്ടായിരുന്നു.
എല്ലാ സാക്ഷികളും സാധാരണക്കാരാണ്. എല്ലാവരും കൃത്യമായി മൊഴി നല്കിയ കേസാണ്. മെഡിക്കല്‍ തെളിവുകളും ശക്തമായിരുന്നു. അന്വേഷണ സംഘത്തിന് ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ട്. ഇതേ അനുഭവങ്ങളുള്ള നിരവധി പേര് സമൂഹത്തിലുണ്ട്. സംരക്ഷിക്കുന്നവര്‍ തന്നെ കുറ്റവാളികളാകുന്ന അവസ്ഥ നിലവിലുണ്ട്.
പീഡിപ്പിക്കപ്പെട്ടവര്‍ക്ക് ഏത് തരത്തിലുള്ള സന്ദേശമാണ് ഈ വിധി നല്‍കുന്നതെന്ന് ആലോചിക്കണം. ഉറപ്പായും അപ്പീല്‍ പോകും. പ്രതിഭാഗം ഹാജരാക്കിയ സാക്ഷികള്‍ക്ക് നിര്‍ണായകമായ മൊഴി നല്കാന് സാധിച്ചിട്ടില്ലെന്നും ഹരിശങ്കര്‍ പറഞ്ഞു.

