തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്രയുടെ സ്പോൺസർ ശ്രീ സത്യസായി ട്രസ്റ്റ്. സായിബാബയുടെ ജന്മവാർഷിക ചടങ്ങിലേക്ക് ക്ഷണിക്കുമ്പോൾ തന്നെ യാത്രയ്ക്ക് വിമാനം ക്രമീകരിക്കുമെന്ന് അറിയിച്ചിരുന്നു. ഒക്ടോബർ 31ന് അയച്ച കത്തിലാണ് ചാർട്ടേഡ് വിമാനം ക്രമീകരിക്കുമെന്ന് അറിയിച്ചിട്ടുളളത്. കത്തിൻെറ പകർപ്പ് 24ന് ലഭിച്ചു.
സായിബാബയുടെ പ്രശാന്തി നിലയം എന്ന ആശ്രമം നിലകൊള്ളുന്ന ആന്ധ്രപ്രദേശിലെ പുട്ടപർത്തിയിലാണ് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചത്. തിങ്കളാഴ്ച പ്രത്യേക വിമാനത്തിൽ പുട്ടപർത്തി വിമാനത്താവളത്തിൽ എത്തിയ മുഖ്യമന്ത്രിക്ക് അനന്തപുർ ജില്ല ഭരണകൂടത്തിന്റെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ഊഷ്മള സ്വീകരണം നൽകി.
ജയന്തി ആഘോഷങ്ങളിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും വിദേശത്തുനിന്നുമായി പ്രമുഖരും ഭക്തരും പുട്ടപർത്തിയിലെത്തുന്നുണ്ട്. കേന്ദ്രമന്ത്രിമാരും ആന്ധ്രപ്രദേശ് സംസ്ഥാന മന്ത്രിമാരും ആഘോഷ പരിപാടികളിൽ പങ്കെടുത്തു.

