കണ്ണൂര്‍ മാടായിപ്പാറയില്‍ സില്‍വര്‍ ലൈന്‍ സര്‍വേക്കല്ലുകള്‍ പിഴുതു മാറ്റി റീത്ത് വച്ചു. ഏഴ് സര്‍വേ കല്ലുകളാണ് റോഡരുകില്‍ കൂട്ടിയിട്ട് റീത്ത് വച്ചത്. നേരത്തെ രണ്ട് തവണ മടായിപ്പാറയില്‍ സര്‍വേ കല്ലുകള്‍ പിഴുത് മാറ്റിയിരുന്നു. ഇത് ആര് ചെയ്തു എന്നതില്‍ വ്യക്തതയില്ല. അതേസമയം ഇത്തരം നടപടികളുമായി മുന്നോട്ട് പോകുന്ന ആളുകള്‍ക്കെതിരെ കൃത്യമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ആഴ്ച മാടായിപ്പാറയില്‍ കെ-റെയില്‍ സര്‍വേകല്ല് പിഴുത സംഭവത്തില്‍ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ച വ്യക്തിക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു. പിഴുതുമാറ്റിയ സര്‍വേ കല്ലിന്റെ ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവച്ച യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെതിരെയാണ് കേസ്.
പുത്തന്‍പുരയില്‍ രാഹുലിനെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്. ‘പണി തുടങ്ങി’ എന്ന തലക്കെട്ടോടെയാണ് കെ-റെയില്‍ സര്‍വേ കല്ലിന്റെ ഫോട്ടോ രാഹുല്‍ തന്റെ ഫേസ്ബുക്ക് ടൈംലൈനില്‍ പങ്കുവച്ചത്. രാഹുല്‍ കലാപാഹ്വാനം നടത്തിയെന്നാണ് പരാതി.
കെ-റെയിലിനെതിരെ സംസ്ഥാനത്ത് ആദ്യമായി പ്രതിഷേധം ഉയര്‍ന്നത് മാടായിപ്പാറയിലാണ്. സര്‍വേക്കല്ലുകള്‍ സ്ഥാപിക്കാന്‍ വന്ന ഉദ്യോഗസ്ഥരെ നാട്ടകാര്‍ കൂട്ടത്തോടെ തടയുകയും സംഘര്‍ഷത്തിനിടയാക്കുകയും ചെയ്തിരുന്നു. ഈ മാസം നാലിനായിരുന്നു ആദ്യമായി പ്രദേശത്ത് സര്‍വേക്കല്ലുകള്‍ പിഴുതു മാറ്റിയത്. എന്നാല്‍ ഇതാദ്യമായാണ് സര്‍വേക്കല്ലുകള്‍ കൂട്ടത്തോടെ പിഴുതു മാറ്റിയ നിലയില്‍ കണ്ടെത്തിയത്.
സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് പൊലിസെത്തി പരിശോധന നടത്തിയിട്ടുണ്ട്. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നാട്ടുകാര്‍ ശക്തമായ സമര പരിപാടികള്‍ നടത്താനിരിക്കെയാണ് സര്‍വേക്കല്ലുകള്‍ കൂട്ടത്തോടെ പിഴുതു മാറ്റിയത്.