ഇലന്തൂര്‍ നരബലിക്കേസില്‍ പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. 12 ദിവസം പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നാണ് പൊലീസിന്റെ ആവശ്യം. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുക.
ഇലന്തൂരിലെ ആഭിചാര കൊലക്കേസില്‍ മൂന്നു പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. കാലടി, കടവന്ത്ര, കുറ്റകൃത്യം നടന്ന ഇലന്തൂര്‍ എന്നിവിടങ്ങളിലടക്കം പ്രതികളെയെത്തിച്ച് തുടര്‍ തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. കുറ്റകൃത്യത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് കൂടുതല്‍ ദിവസം പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം പൊലീസ് മുന്നോട്ടു വച്ചേക്കും.
നരബലി അല്ലാതെ മറ്റെന്തെങ്കിലും ഉദ്ദേശ്യങ്ങള്‍ കൊലപാതകത്തിന് പിന്നിലുണ്ടോ എന്നും പൊലീസിന് സംശയമുണ്ട്. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണമെങ്കില്‍ മുഹമ്മദ് ഷാഫി, ഭഗവല്‍ സിങ്, ലൈല എന്നിവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യേണ്ടി വരും. ഈ മൂന്നു പ്രതികളെ കൂടാതെ കുറ്റകൃത്യത്യത്തില്‍ മറ്റാര്‍ക്കെങ്കിലും നേരിട്ടോ പരോക്ഷമായോ പങ്കുണ്ടോ എന്നും കണ്ടെത്തേണ്ടതുണ്ട്.
12 ദിവസം കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. കേസിന്റെ അന്വേഷണത്തിന് പ്രത്യേകസംഘത്തെ രൂപീകരിച്ചു. പത്മ, റോസ്ലി എന്നീ സ്ത്രീകളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കടവന്ത്ര, കാലടി പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അന്വേഷിക്കുന്നതിനാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണറാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവന്‍. പെരുമ്പാവൂര്‍ എഎസ്പി അനൂജ് പാലിവാള്‍ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായിരിക്കും.


