ചാവശ്ശേരിയില്‍ ബോംബ് പൊട്ടിത്തെറിച്ച് 2 പേര് മരിച്ച സംഭവം നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംഭവത്തില്‍ അന്വേഷണം നടക്കുന്നുവെന്നും ജാഗ്രതയോടെ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തുമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.
ചാവശ്ശേരിയിലെ മേഖല എസ്ഡിപിഐ- ആര്‍എസ്എസ് ശക്തികേന്ദ്രം. ആയുധം ശേഖരിക്കുന്നതായി വിവരമുണ്ട്. അടിയന്തര പ്രമേയവുമായി പ്രതിപക്ഷം രംഗത്തെത്തി. കൊലപാതക തുല്യമായ നരഹത്യയെന്ന് സണ്ണി ജോസഫ് എംഎല്‍എ അഭിപ്രായപ്പെട്ടു. എന്നാല്‍ സഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. സംഭവത്തില്‍ മട്ടന്നൂര്‍ പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാടിന്റെ സമാധാനം മുഖ്യമായും തകര്‍ക്കുന്നത് ആര്‍എസ്എസും എസ്ഡിപിഐയും ആണ്. എല്‍ഡിഎഫ് സര്‍ക്കാരിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. പ്രതിപക്ഷത്തിന് വിഷയ ദാരിദ്ര്യമാണ്. ദൗര്‍ഭാഗ്യകരമായ സംഭവത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്നു. ഉള്ളത് പറയുമ്പോള്‍ കള്ളിയ്ക്ക് തുള്ളല്‍ എന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.
സമാധാനാന്തരീക്ഷം നല്കിയതു കൊണ്ടാണ് ജനങ്ങള്‍ തുടര്‍ ഭരണം നല്‍കിയത്. ബിജെപിയുമായി കോണ്‍ഗ്രസ് സമരസപ്പെട്ട് പോകുമെന്ന് നമുക്കറിയാമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.