പഴനിയില്‍ കണ്ണൂര്‍ തലശേരി സ്വദേശിനി പീഡനത്തിനിരയായ കേസില്‍ തമിഴ്നാട് പൊലീസ് അന്വേഷണം തുടങ്ങി. പീഡനം നടന്ന ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് തീരുമാനം. തലശേരി പൊലീസുമായി സഹകരിച്ചാണ് തമിഴ്നാട് പൊലീസിന്റെ അന്വേഷണം. യുവതിയുടേയും ഭര്‍ത്താവിന്റേയും മൊഴിയും ആരോഗ്യ സ്ഥിതി സംബന്ധിച്ചുള്ള വിവരങ്ങളും തലശേരി പൊലീസില്‍ നിന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.
ബലാത്സംഗം, തട്ടിക്കൊണ്ടു പോകല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് തമിഴ്നാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പരാതിയുമായി യുവതിയും ഭര്‍ത്താവും സമീപിച്ചപ്പോള്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഡിജിപി തലത്തില്‍ ഇടപെടലുണ്ടായതോടെയാണ് സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ജൂണ്‍ പത്തൊന്‍പതിനാണ് സംഭവം നടന്നത്. പഴനിയില്‍ ക്ഷേത്ര സന്ദര്‍ശനത്തിനെത്തിയ യുവതിയാണ് പീഡനത്തിനിരയായത്. സ്ത്രീയെ തട്ടിക്കൊണ്ടു പോയി ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഭര്‍ത്താവിനെ മര്‍ദിച്ച് അവശനാക്കിയ ശേഷമായിരുന്നു യുവതിക്ക് നേരെയുള്ള ക്രൂരത. ഗുരുതരമായി പരുക്കേറ്റ യുവതി തിരിച്ച് നാട്ടില്‍ എത്തിയ ശേഷമാണ് ചികിത്സ തേടിയത്.


