ക്രമസമാധാന പ്രശ്നങ്ങളും ഗതാഗതക്കരുക്കും ഒഴിവാക്കാന്‍ തിരുവനന്തപുരത്ത് തട്ടുകടകളുടെയും ജ്യൂസ് പാര്‍ലറുകളുടെയും പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ പോലീസ്. നേരത്തെയുണ്ടായിരുന്ന സമയ നിയന്ത്രണം വീണ്ടും കര്‍ശനമാക്കാനാണ് പോലീസിന്റെ ഒരുക്കം. രണ്ട് ദിവസം മുമ്പ് അട്ടക്കുളങ്ങരയില്‍ ജ്യൂസ് കടയ്ക്ക് മുന്നിലുണ്ടായ അക്രമത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
രാത്രി വൈകിയും തുറന്നിരിക്കുന്ന കടകള്‍ ഗുണ്ടകളുടെയും ലഹരി വില്‍പ്പനക്കാരുടെയും കേന്ദ്രമാകുന്നുവെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ അട്ടക്കുളങ്ങര അടക്കം രാത്രി ഭക്ഷണശാലകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളില്‍ പോലീസിന്റെ സാന്നിധ്യം അപൂര്‍വമാണ്. ഫോര്‍ട്ട് സ്റ്റേഷന് തൊട്ടടുത്തായിട്ട് പോലും ഇവിടെ പോലീസ് എത്താറില്ല.
വൈകീട്ട് തിരക്കുള്ള സമയത്ത് നടപ്പാതയിലും റോഡുവക്കിലും തട്ടുകടകളുടെ സാധനങ്ങള്‍ നിരത്തിവയ്ക്കുന്നത് കാല്‍നടയാത്രികര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. നടപ്പാത കൈയേറി സ്റ്റൗവും സിലിന്‍ഡറും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ നിരത്തിവെയ്ക്കുകയും ടാര്‍പോളിന്‍ വലിച്ചു കെട്ടുന്നതും ഗതാഗതക്കുരുക്ക് ഉണ്ടാക്കുമെന്നും പോലീസ് പറയുന്നു.
ക്രമസമാധാനപ്രശ്നം ഒഴിവാക്കാനെന്ന പേരില്‍ തട്ടുകടകളുടെ സമയം രാത്രി പതിനൊന്നുവരെയാക്കണമെന്ന നിര്‍ദ്ദേശം ശരിയല്ലെന്ന വാദവുമുയര്‍ന്നിട്ടുണ്ട്. രാത്രി തട്ടുകടകളും മറ്റ് ഭക്ഷണശാലകളും പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളില്‍ പട്രോളിങ് ശക്തമാക്കുന്നതിന് പകരം കടകള്‍ അടപ്പിക്കുന്നത് ശരിയല്ലെന്നാണ് വാദം.


