പശ്ചിമഘട്ട സംരക്ഷണത്തിനുള്ള കരട് വിജ്ഞാപനത്തിന് എതിരായ ഹര്‍ജി സുപ്രിംകോടതി തള്ളി. അന്തിമ വിജ്ഞാപനം വരുമ്പോള്‍ പരാതിയുണ്ടെങ്കില്‍ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് യു.യു ലളിത് പറഞ്ഞു.
സര്‍ക്കാര്‍ പശ്ചിമഘട്ട സംരക്ഷണത്തിനായി കൊണ്ടുവരുന്ന കരട് വിജ്ഞാപനം കൃഷിയെയും കര്‍ഷക നിലനില്‍പ്പിനെയും കാര്യമായി ബാധിക്കുമെന്ന് ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഇതോടൊപ്പം ഗാഡ്ഗില്‍ നിര്‍ദേശങ്ങള്‍ അംഗീകരിക്കരുതെന്ന് സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
കേരളത്തില്‍ നിന്നുള്ള ‘കര്‍ഷക ശബ്ദം’ എന്ന സംഘടനയാണ് സുപ്രിംകോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയത്. 2018 ലെ വിജ്ഞാപനത്തെ ചോദ്യം ചെയ്ത് 2020 തിലാണ് ഹര്‍ജിയെത്തിയത്. എന്നാലിതിനെ സുപ്രിംകോടതി ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് ഹര്‍ജി നല്കാന് ഇത്രയേറെ വൈകിയതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. വിഷയത്തില്‍ ഒരുപാട് ജനങ്ങളുടെ അഭിപ്രായം തേടിയ ശേഷമാണ് ഹര്‍ജി നല്‍കിയതെന്നും അതിലാണ് വൈകിയതെന്നും ഹരജിക്കാര്‍ മറുപടി നല്കി.
എന്നാലിത് അംഗീകരിക്കാനാകില്ലെന്നും ഇപ്പോള്‍ വന്നത് കരട് വിജ്ഞാപനം മാത്രമാണെന്നും അന്തിമ വിജ്ഞാപനം വരുമ്പോള്‍ ഇടപെടാമെന്നും സുപ്രിംകോടതി വ്യക്തമാക്കി.


