എല്‍ദോസ് കുന്നപ്പള്ളിക്കെതിരായ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ഉചിതമായ നടപടി സ്വീകരക്കും. സ്ത്രീ വിരുദ്ധ നടപടികള്‍ ഒരു തരത്തിലും വച്ച് പൊറുപ്പിക്കില്ല. കെപിസിസി പ്രസിഡന്റ് തുടര്‍ നടപടികള്‍ വ്യക്തമാക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു.
അതേസമയം യുവതിയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ് എടുത്തു. എല്‍ദോസ് കുന്നപ്പിളളി സ്ത്രീയെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചുവെന്ന് എഫ്ഐആറില്‍ പറയുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍, അതിക്രമിച്ച് കടന്ന് കളയല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കോവളം പൊലീസാണ് എല്‍ദോസിനെതിരെ കേസ് എടുത്തത്. കേസ് ജില്ലാ ക്രൈം ബ്രാഞ്ചിനു കൈമാറും.
പരാതി നല്‍കിയതിന് ശേഷം കാണാതായ യുവതിയെ തമിഴ്നാട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു. ടവര്‍ ലൊക്കേഷന്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കണ്ടെത്തിയത്. വഞ്ചിയൂരിലെ അഭിഭാഷകന്റെ ഓഫീസില്‍ പോയശേഷം യുവതിയെ കാണാനില്ലെന്ന സുഹൃത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.
കോവളത്ത് വച്ച് എല്‍ദോസ് കുന്നപ്പിള്ളി മര്‍ദ്ദിച്ചു എന്നാണ് യുവതി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്കിയ പരാതി. തുടര്‍ന്ന് കമ്മീഷണര്‍ പരാതി കോവളം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. കഴിഞ്ഞ മാസം 14നായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം നടന്നത്.


