കൊല്ലം ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജ് കുറ്റക്കാരനെന്ന് കോടതി വിധിച്ചു. ശിക്ഷാവിധിയാണ് ഇനി അറിയാനുള്ളത്. സൂരജിന് എന്താണ് ശിക്ഷ വിധിക്കുകയെന്ന് മറ്റന്നാള്‍ അറിയാം. ഉത്ര കൊല്ലപ്പെട്ട് ഒരു വര്‍ഷവും 5 മാസവും 4 ദിവസവും തികയുമ്പോഴാണ് കൊല്ലം ജില്ലാ അഡിഷണല്‍ സെഷന്‍സ് കോടതിയുടെ വിധി. ഉത്രയെ ഭര്‍ത്താവ് സൂരജ് മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. സമാനതകള്‍ ഇല്ലാത്ത കേസിലാണ് ഇന്ന് വിധി പറഞ്ഞത്.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് കേസില്‍ വിധി പ്രസ്താവം തുടങ്ങിയത്. കോടതിയില്‍ നിര്‍വികാരനായിരുന്നു സൂരജ്. പ്രതിയെ കുറ്റങ്ങള്‍ വായിച്ചുകേള്‍പ്പിച്ചു. കൊലപാതകം, കൊലപാതകശ്രമം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയവാണ് കുറ്റങ്ങള്‍. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്നും വിചിത്രവും പൈശാചികവും ദാരുണവുമായ കേസെന്നും പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന് കോടതിയില്‍. സ്വന്തം ഭാര്യ വേദനയാല്‍ നിലവിളിച്ചപ്പോള്‍ പ്രതി മറ്റൊരു കൊല ആസൂത്രണം ചെയ്തു. സമൂഹത്തിന് കൃത്യമായ സന്ദേശം നല്കുന്ന വിധി ആയിരിക്കണം. എന്തെങ്കിലും പറയാനുണ്ടോയെന്ന് പ്രതി സൂരജിനോട് കോടതി ചോദിച്ചു. ഒന്നുമില്ലെന്ന് മറുപടി നല്കി.
കഴിഞ്ഞ വര്‍ഷം മേയ് ഏഴിനാണ് അഞ്ചല്‍ ഏറത്തെ വീട്ടില്‍ ഉത്രയെ പാമ്പുകടിയേറ്റു മരിച്ച നിലയില്‍ കണ്ടത്. റെക്കോര്‍ഡ് വേഗത്തിലാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതും വിചാരണ പൂര്‍ത്തിയാക്കിയതും. ഉത്രയെ കടിച്ച പാമ്പിനെ പുറത്തെടുത്തു പോസ്റ്റുമോര്‍ട്ടം നടത്തിയും മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ചുള്ള ഡമ്മി പരിശോധന നടത്തിയും പഴുതടച്ച അന്വേഷണമാണ് കേസില്‍ നടന്നത്.
കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എം. മനോജാണ് കേസില്‍ വിധി പറഞ്ഞത്. വിചാരണയ്ക്കിടയില്‍ പ്രോസിക്യൂഷന് ഭാഗത്തുനിന്നു 87 സാക്ഷികളെയും 288 രേഖകളും 40 തൊണ്ടിമുതലുകളും ഹാജരാക്കിയിരുന്നു. മൂന്ന് തവണയാണ് സൂരജ് ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇതില്‍ രണ്ട് തവണ ഉത്രക്ക് പാമ്പിന്റെ കടിയേറ്റു. പാമ്പു പിടുത്തക്കാരനായ കല്ലുവാതുക്കല്‍ ചാവരുകാവ് സ്വദേശി സുരേഷില്‍ നിന്നാണു സൂരജ് മൂര്‍ഖന്‍ പാമ്പിനെ വാങ്ങിയത്. സാക്ഷികള്‍ ഇല്ലാത്ത കേസില്‍ സുരേഷ് മാപ്പു സാക്ഷിയായിരുന്നു.


