ശിവശങ്കറിനെ പരിചയപ്പെട്ടത് മുഖ്യമന്ത്രിയുടെ വസതിയില്വെച്ചെന്ന് സ്വപ്ന സുരേഷ്. യുഎഇ കോണ്‍സുല്‍ ജനറലും മുഖ്യമന്ത്രിയും തമ്മിലായിരുന്നു കൂടിക്കാഴ്ച. കോണ്‍സുലേറ്റിലെ സെക്രട്ടറിയായതു മുതല്‍ മുഖ്യമന്ത്രിക്ക് തന്നെ അറിയാമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു കൊടുത്ത മൊഴിയില്‍ സ്വപ്നയുടെ പറയുന്നു. എം ശിവശങ്കറെ കോണ്‍സുലേറ്റുമായുള്ള കാര്യങ്ങള്‍ക്ക് നിയോഗിച്ചത് മുഖ്യമന്ത്രിയെന്ന് സ്വപ്ന സുരേഷ്. കോണ്‍സുല്‍ ജനറലുമായി ക്ലിഫ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. അന്ന് മുതല്‍ ശിവശങ്കറുമായി ബന്ധമുണ്ടെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് നല്കിയ മൊഴിയില്‍ സ്വപ്ന വ്യക്തമാക്കുന്നു.
ശിവശങ്കറുമായുള്ള സ്വപ്നയുടെ ബന്ധം സംബന്ധിച്ച ചോദ്യം ചെയ്യലിലാണ് നിര്‍ണായക മൊഴി. ഇതില്‍ കോണ്‍സുലേറ്റുമായി ശിവശങ്കറിനുള്ള ബന്ധം സ്വപ്ന വിശദീകരിക്കുന്നത് ഇങ്ങനെ. കോണ്‍സുലേറ്റ് കാര്യങ്ങളില്‍ ബന്ധപ്പെടാന്‍ ശിവശങ്കറെ നിയോഗിച്ചത് മുഖ്യമന്ത്രിയാണ്. ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയും കോണ്‍സുല്‍ ജനറലും നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു നടപടി. 2017 ലാണ് കൂടിക്കാഴ്ച നടന്നത്. ഇതിന് ശേഷം ശിവശങ്കറും താനും പരസ്പരം വിളിക്കാറുണ്ടായിരുന്നെന്നും സ്വപ്ന മൊഴിയില്‍ പറയുന്നു.
അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ രണ്ടുദിവസത്തെ ചോദ്യം ചെയ്യലിന് ശേഷവും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ സംശയമുനയില്‍ തന്നെയെന്ന് കസ്റ്റംസ്. സ്വപ്നയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വരെ അറിവുണ്ടായിരുന്ന ശിവശങ്കര്‍ സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിഞ്ഞില്ല എന്ന മൊഴി വിശ്വസനീയമല്ലെന്ന നിലപാടിലാണ് അന്വേഷണസംഘം. സ്വപ്ന ഒളിവിലായിരിക്കെ ഒരു പ്രത്യേക നമ്പറില്‍ നിന്നെത്തിയ ഫോണ്‍ കോളുകളും ശിവശങ്കറും തമ്മിലുള്ള ബന്ധവും അന്വേഷണത്തിലാണ്. ചൊവ്വാഴ്ച അന്വേഷണസംഘം കടുത്ത നടപടികളിലേക്ക് നീങ്ങിയേക്കുമെന്നാണ് സൂചന.
സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷുമായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് ഏറെ അടുപ്പമുണ്ടായിരുന്നുവെന്നതിന്റെ തെളിവുകളെ ആധാരമാക്കിയാണ് രണ്ടുദിവസവും കസ്റ്റംസ് ചോദ്യം ചെയ്തത്. ഇത്രയും അടുപ്പമുള്ള വ്യക്തി സ്വര്‍ണക്കടത്ത് പിടിച്ച ശേഷം സ്വപ്നയെ വിളിച്ചിട്ടില്ല എന്ന് പറയുന്നതില്‍ അസ്വാഭാവികതയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. മാത്രവുമല്ല സ്വപ്ന ഒളിവിലായിരിക്കെ ഒരു പ്രത്യേക നമ്പറിലേക്ക് ഒട്ടേറെ തവണ വിളിച്ചിരുന്നു. ഭര്‍ത്താവ് ജയശങ്കറിന്റെ മൊഴി കസ്റ്റംസ് രേഖപ്പെുത്തിയെങ്കിലും ഈ ഫോണ്വിളികളെക്കുറിച്ചോ നമ്പരിനെക്കുറിച്ചോ അറിയില്ലെന്നാണ് പറഞ്ഞത്. ഈ സാഹചര്യത്തിലാണ് ഫോണ്‍വിളിയും എംശിവശങ്കറുമായുള്ള ബന്ധത്തിലേക്ക് കസ്റ്റംസിന്റെ അന്വേഷണം കടന്നത്.
സ്വപ്നയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ശിവശങ്കറിന് വ്യക്തമായ ധാരണയുണ്ടെന്നതിന്റെ തെളിവുകള്‍ അന്വേഷണസംഘങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. സ്വപ്നയ്ക്ക് ലോക്കറെടുത്ത് നല്കാന് ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ പരിചയപ്പെടുത്തുക മാത്രമാണ് ചെയ്തതെന്ന ശിവശങ്കറിന്റെ ആദ്യ ചോദ്യം ചെയ്യലിലെ മൊഴി കള്ളമാണെന്ന് വാട്സ് ആപ് ചാറ്റുകളുടെ അടിസ്ഥാനത്തില്‍ വ്യക്തമായിട്ടുണ്ട്. ചട്ടംലംഘിച്ച് കോണ്‍സുലേറ്റ് ഇറക്കുമതി ചെയ്ത ഈന്തപ്പഴം വിതരണം ചെയ്യാന്‍ പദ്ധതിയുണ്ടാക്കിയതും ഇതിന് സാമൂഹ്യനീതിവകുപ്പിനോട് നിര്‍ദേശിച്ചതും താനാണെന്ന് ശിവശങ്കര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുമുണ്ട്. ചൊവ്വാഴ്ച ഹാജരാകുമ്പോള്‍ മൊഴികള്‍ക്ക് ആധാരമായതെളിവുകള് നല്‍കണമെന്നാണ് അന്വേഷണ സംഘം ശിവശങ്കറിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. സ്വര്‍ണക്കടത്തിന് സഹായിക്കുകയോ , സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിവു വ്യക്തമായാല്‍ അന്വേഷണസംഘം കടുത്ത നടപടിയിലേക്ക് നീങ്ങും.