മലപ്പുറം: മുഖ്യമന്ത്രിയെ പരസ്യമായി വെല്ലുവിളിച്ച് പിവി അന്‍വറിന്റെ വാര്‍ത്തസമ്മേളനം. താന്‍ നല്കിയ പരാതികള്‍ സിറ്റിംഗ് ജഡ്ജിയേകൊണ്ട് അന്വേഷിപ്പിക്കുവാന്‍ തയ്യാറാണോ എന്നും അന്‍വര്‍ ചോദിച്ചു. മുഝ്യമന്ത്ി തന്നെ ചതിച്ചു. താന്‍ നല്കിയ പരാതിയിന്മേലുള്ള അന്വേഷണം പരിതാപകരമാണ്. എസ്പി ഓഫീസിലെ മരംമുറി ഉള്‍പ്പെടെ താന്‍ നല്കിയ പരാതിയിന്മേലുള്ള അന്വേഷണം കൃത്യമായി നടക്കുന്നില്ലെന്ന് പി വി അന്‍വര്‍ എംഎല്‍എ പറഞ്ഞു.
എസ് പി ഓഫീസിലെ മരംമുറി, സ്വര്‍ണം പൊട്ടിക്കല്‍, റിദാന്‍ വധക്കേസ് എന്നിവയുമായി ബന്ധപ്പെട്ട അന്വേഷണം കൃത്യമല്ലെന്നാണ് പി വി അന്‍വറിന്റെ ആരോപണം. മരംമുറിയുമായി ബന്ധപ്പെട്ട അന്വേഷണം പരിതാപകരമാണ്. മരം ലേലത്തിന് എടുത്ത ആളുമായി താന്‍ ബന്ധപ്പെട്ടിരുന്നു. ഇയാളെ സ്ഥലത്തെത്തിച്ച് വിശദമായ മൊഴി രേഖപ്പെടുത്തണമെന്ന് താന്‍ ആവശ്യപ്പെട്ടതാണ്. എന്നാല്‍ അതുണ്ടായില്ല. മലപ്പുറത്ത് മാത്രം 158 ഓളം സ്വര്‍ണം പൊട്ടിക്കല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഇരകളായവരെ നേരില്‍ കണ്ട് മൊഴിയെടുക്കണമെന്ന് താന്‍ പറഞ്ഞിരുന്നു. അവിടെയും കൃത്യമായ അന്വേഷണം നടന്നില്ലന്നും അന്‍വര്‍ പറഞ്ഞു.
റിദാന്‍ വധക്കേസുമായി ബന്ധപ്പെട്ടതായിരുന്നു മറ്റൊരു പ്രധാന പരാതി. റിദാന്റെ ഫോണ്‍ കണ്ടെത്തണമെന്ന് താന്‍ ആവശ്യപ്പെട്ടതാണ്. അവിടെയും അലംഭാവമുണ്ടായെന്ന് അന്‍വര്‍ ആരോപിച്ചു. തന്നെ കുറ്റവാളിയാക്കാന്‍ ശ്രമിക്കുകയാണെന്നും അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മലപ്പുറം മുന്‍ എസ് പി സുജിത് ദാസ്, എഡിജിപി എം ആര് അജിത് കുമാര്‍, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി എന്നിവര്‍ക്കെതിരെയായിരുന്നു പി വി അന്‍വറിന്റെ ആരോപണം. മലപ്പുറത്തെ സ്വര്‍ണം പൊട്ടക്കല്‍ പൊലീസിന്റെ അറിവോടെയെന്നായിരുന്നു അന്‍വറിന്റെ ആരോപണം. അതിന് ചുക്കാന്‍ പിടിക്കുന്നത് സുജിത് ദാസാണെന്നും അന്‍വര്‍ ആരോപിച്ചു. എഡിജിപി അജിത് കുമാര്‍ കൊടും ക്രിമിനലെന്നായിരുന്നു അന്‍വറിന്റെ ആരോപണം. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയാണ് ആഭ്യന്ത വകുപ്പ് ഭരിക്കുന്നതെന്നായിരുന്നു അന്‍വറിന്റെ മറ്റൊരു ഗുരുതര ആരോപണം.
വാര്‍ത്താസമ്മേളനം തുടര്‍ച്ചയായി വിളിച്ചായിരുന്നു അന്‍വര്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന് തന്നെ അന്‍വറിനെ തള്ളി രംഗത്തെത്തി. അന്‍വറിന്റേത് ഇടത് രാഷ്ട്രീയ പശ്ചാത്തലമല്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. അന്‍വറിന്റെ വഴി കോണ്‍ഗ്രസിന്റേതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തൊട്ടടുത്ത ദിവസം അന്‍വറിനെതിരെ സിപിഐഎം സെക്രട്ടറിയേറ്റ് പ്രസ്താവന പുറത്തിറക്കി. ഇതിന് പിന്നാലെയാണ് നിലപാട് കടുപ്പിച്ച് അന്‍വര്‍ രംഗത്തെത്തിയത്. ‘നീതിയില്ലെങ്കില്‍ നീ തീയാവുക’ എന്ന് ഫേസ്ബുക്ക് കുറിപ്പിട്ട് അന്‍വര്‍ മാധ്യമങ്ങളെ കാണുകയായിരുന്നു.